ശിവഗിരി തീർഥാടനത്തിനോടനുബന്ധിച്ച് നടന്ന യുവജന സമ്മേളനത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. ശ്രീനാരായണ ഗുരുവിനെ റാഞ്ചിയെടുക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുധാകരൻ പറഞ്ഞു. സനാതന ധര്‍മത്തിന്റെ പേരിൽ ഗുരുദേവനെ ചാതുര്‍വര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നു. ഗുരുദേവനെ ആര്‍ക്കും വിട്ടുകൊടുക്കാനാവില്ലെന്നും സുധാകരൻ ശിവഗിരിയിൽ പറഞ്ഞു.
92ാമത് ശിവഗിരി തീർഥാടനത്തിന്റെ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെ സനാതന ധർമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. സനാതന ഹിന്ദുത്വം എന്ന പ്രയോഗം പഴയ ബ്രാഹ്മണിക്കൽ രാജഭരണ കാലത്തേക്കുള്ള പോക്കാണെന്നും, അത് ജനാധിപത്യപരമല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ശ്ലോകം പോലും ശരിയല്ല. അതിന് മുമ്പുള്ള വാക്കുകൾ പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകട്ടെ എന്നാണ്. അവർക്ക് സുഖമുണ്ടായാൽ ലോകത്തിനും സുഖമുണ്ടാകും എന്നാണ് പൂർണ അർഥമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശ്രീ നാരായണ ഗുരു സനാതന ധർമത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല. സനാതന ധർമത്തിന്റെ വക്താവായി ശ്രീനാരായണ ഗുരുവിനെ പ്രതിഷ്ഠിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും അത് തിരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി സമ്മേളന വേദിയിൽ പറഞ്ഞു. ഇതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് മുഖ്യമന്ത്രിയുടെ പരമാർശത്തിനു നേരെ ഉയർന്നത്.