ലക്ഷദ്വീപിൽ ഭരണകൂടം സർക്കാർ ഭൂമിയെന്ന് അവകാശപ്പെടുന്ന പണ്ടാരം ഭൂമി പിടിച്ചെടുക്കുന്നതിൻ്റെ ഭാഗമായി ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഡോ. മുഹമ്മദ് സാദിഖ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്. ഇതിനിടെ ഇന്ന് രാവിലെയും ലക്ഷദ്വീപിൽ പണ്ടാരം ഭൂമിയിൽ സർവേ നടത്താൻ ഉദ്യോഗസ്ഥരെത്തിയെങ്കിലും ശക്തമായ പ്രതിഷേധമാണ് ജനങ്ങളിൽ നിന്നുണ്ടായത്. കഴിഞ്ഞ ദിവസവും സർവേക്കെത്തിയ ഉദ്യോഗസ്ഥരെ എം പി ഹംദുള്ള സെയ്തിൻ്റെ നേതൃത്വത്തിലുള്ള സംഘം മടക്കി അയച്ചിരുന്നു. കവരത്തി, മിനിക്കോയി, ആന്ത്രോത്ത് എന്നീ ദ്വീപുകളിൽ പൊലീസ് സന്നാഹത്തോടെ ഉദ്യോസ്ഥർ എത്തിയെങ്കിലും നാട്ടുകാർ സംഘടിച്ചതോടെ മടങ്ങുകയായിരുന്നു.
ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതോടെ ഈ മാസം 19 വരെ കലക്ടർ ഉത്തരവിട്ടതു പ്രകാരമുള്ള യാതൊരു നടപടിയും പാടില്ലെന്ന് ഉത്തരവിട്ടു. പണ്ടാരം ഭൂമി സംബന്ധിച്ച വിഷയത്തിൽ ലക്ഷദ്വീപ് കളക്ടറെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയെ സമീപിച്ചവരെ ഒഴിവാക്കി മറ്റുള്ളവരുടെ ഭൂമിയിൽ സർവേ നടത്താനാണ് ഇന്ന് ഉദ്യോഗസ്ഥരെത്തിയത്. ഭൂഉടമകളുടെ സമ്മതമില്ലാതെ യാതൊരു സർവേ നടപടികളും അനുവദിക്കില്ലെന്ന നിലപാടിലാണ് ദ്വീപുകാർ.