NEWSROOM

സിനിമാ ചിത്രീകരണത്തിനിടെ കാറപകടം; അർജുൻ അശോകനുൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

ബ്രോമാൻസ് എന്ന സിനിമയുടെ ചെയ്സിങ്ങ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം

Author : ന്യൂസ് ഡെസ്ക്

കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ നടന്മാരുൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്. നടൻമാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവർക്കാണ് പരുക്കേറ്റത്. ബ്രൊമാൻസ് എന്ന സിനിമയുടെ കാർ ചെയ്സിങ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. കൂടെ ബൈക്ക് യാത്രികനും പരുക്കേറ്റിട്ടുണ്ട്.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം സംഭവിക്കുന്നത്. ഷൂട്ടിങ്ങിനിടെ നിയന്ത്രണം വിട്ട കാർ റോഡിനരികിലെ പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ഒരുമീറ്ററോളം ഡ്രിഫ്റ്റ് ചെയ്ത് പോയതിന് ശേഷമാണ് കാർ നിന്നത്. പരുക്കേറ്റ നടൻ അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കവെയായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികനെയും കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരുടെയും ആരോഗ്യനിലയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. കൊച്ചിയിൽ ഇത്തരത്തിലുള്ള ചെയ്സിങ്ങ് രംഗങ്ങളും മറ്റും രാത്രികാലങ്ങളിൽ ചിത്രീകരിക്കാറാണ് പതിവ്. പ്രാഥമിക സുരക്ഷാ സംവിധാനങ്ങൾ പാലിച്ചതായാണ് റിപ്പോർട്ട്. തുടർനടപടികൾക്കായി സിനിമാ അണിയറ പ്രവർത്തകർ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചേരും.

SCROLL FOR NEXT