NEWSROOM

സംവരണത്തെ എതിർത്തുകൊണ്ട് കാർട്ടൂണ്‍; മണ്ണുത്തി ഹോർട്ടികൾച്ചർ ക്യാമ്പസിലെ കെ.എസ്.യു യൂണിയൻ മാഗസിന് വിമർശനം

സംവരണത്തെ എതിർത്തുകൊണ്ട് മാഗസിനിൽ ഉൾപ്പെടുത്തിയ കാർട്ടൂണാണ് വിവാദത്തിന് തിരികൊളുത്തിയത്

Author : ന്യൂസ് ഡെസ്ക്

മണ്ണുത്തി ഹോർട്ടികൾച്ചർ ക്യാമ്പസിലെ കോളേജ് യൂണിയൻ മാഗസിൻ വിവാദത്തിൽ. സംവരണത്തിനെതിരായ കാർട്ടൂൺ മാഗസിനില്‍ ഉൾപ്പെടുത്തിയതാണ് കെ.എസ്.യു നയിക്കുന്ന യൂണിയൻ പുറത്തിറക്കിയ മാഗസിൻ വിവാദത്തില്‍ അകപ്പെടാന്‍ കാരണം.

കഴിഞ്ഞ ദിവസമാണ് മണ്ണുത്തി ഹോർട്ടികൾച്ചർ കോളേജിലെ കെ.എസ്.യു നയിക്കുന്ന യുണിയൻ്റെ മാഗസിനിലെ കാർട്ടൂണ്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. സംവരണത്തെ എതിർത്തുകൊണ്ട് മാഗസിനിൽ ഉൾപ്പെടുത്തിയ കാർട്ടൂണാണ് വിവാദത്തിന് തിരികൊളുത്തിയത്. ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്തത് എസ് സി, എസ് ടി , ഒബിസി വിഭാഗങ്ങൾ ഉള്ളതുകൊണ്ടാണെന്നാണ് കാർട്ടൂണിൽ പറയുന്നത്.

കാർട്ടൂൺ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനമാണ് കെ.എസ്.യുവിനും കോളേജ് യൂണിയനും നേരെ ഉണ്ടായത്. സംവരണമെന്നാൽ സാമ്പത്തികമല്ല, സാമൂഹ്യ വ്യവസ്ഥയാണെന്നും ജാതി അധിക്ഷേപങ്ങൾക്ക് അറുതിയില്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു. കാർട്ടൂൺ ഭരണഘടനാ വിരുദ്ധവും ക്രിമിനൽ കുറ്റവുമാണെന്നും കെ.എസ്.യുവിൻ്റെ രാഷ്ട്രീയ പഠനത്തിൻ്റെ മോഡ്യൂൾ തയ്യാറാക്കുന്നത് സംഘപരിവാർ ഫാക്ടറികളിലാണെന്നുമാണ് എസ്എഫ്ഐ ആരോപിക്കുന്നത്.

കെ.എസ്.യുവിൻ്റെ സംവരണ വിരുദ്ധ മാഗസിൻ വിവാദമായതോടെ സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടിയും ചർച്ചയാവുകയാണ്.

SCROLL FOR NEXT