അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ ആലുവ സ്വദേശിയായ നടിക്കെതിരെ വീണ്ടും കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ ബന്ധുവായ യുവതി നൽകിയ പരാതിയില്‍ മൂവാറ്റുപുഴ പൊലീസാണ് കേസെടുത്തത്. ഇതേ യുവതിയുടെ പരാതിയിൽ നേരത്തെ നടിക്കെതിരെ പോക്സോ കേസ് എടുത്തിരുന്നു. പോക്സോ കേസിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിച്ചുവെന്നാണ് പുതിയ പരാതി.
അതേസമയം, യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ സിനിമാ താരങ്ങളായ സ്വാസിക, ബീന ആൻ്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിൽ ബീന ആൻ്റണി ഒന്നാം പ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്.
പ്രമുഖരായ നടൻമാർക്കെതിരെ ആരോപണം ഉന്നയിച്ചതിൻ്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. മുകേഷ്, ജയസൂര്യ, ബാലചന്ദ്ര മേനോന്‍ തുടങ്ങിയവര്‍ക്കെതിരെ ലൈംഗികാരോപണവുമായി നടി രംഗത്തെത്തിയിരുന്നു.