NEWSROOM

പണം തട്ടിയെന്ന പരാതി; സംവിധായകൻ മേജർ രവിക്കെതിരെ കേസ്

ഐസിഎൽ ഫിൻകോർപ്പ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ എച്ച് ആർ മാനേജറാണ് മേജർ രവിക്കെതിരേയും സ്ഥാപനത്തിനെതിരെയും പരാതി നൽകിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

പണം തട്ടിയെന്ന പരാതിയെ തുടർന്ന് സംവിധായകൻ മേജർ രവിക്കെതിരെ കേസ്. ഇരിങ്ങാലക്കുട പൊലീസാണ് കേസ് എടുത്തത്. മേജർ രവിയുടെ ഉടമസ്ഥതയിൽ ഉള്ള 'തണ്ടർ ഫോഴ്സ്' എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം പണം തട്ടിയെന്നാണ് പരാതി. കേസിൽ മേജർ രവി മൂന്നാം പ്രതിയാണ്. ഐസിഎൽ ഫിൻകോർപ്പ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ എച്ച് ആർ മാനേജറാണ് മേജർ രവിക്കെതിരേയും സ്ഥാപനത്തിനെതിരെയും പരാതി നൽകിയിരിക്കുന്നത്.

മേജർ രവിയുടെ ഉടമസ്ഥതയിൽ ഉള്ള തണ്ടർ ഫോഴ്സ് എന്ന സെക്യൂരിറ്റി സ്ഥാപനം ഐസിഎൽ ഫിൻകോർപ്പ് എന്ന സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്നും സ്ഥാപനത്തിനും വിവിധ ബ്രാഞ്ചുകൾക്കും ആവശ്യമായ സുരക്ഷയും നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. ഐസിഎൽ ഫിൻകോർപ്പ് എച്ച് ആർ മാനേജറിൽ നിന്നും പത്തു ലക്ഷം രൂപ കൈപ്പറ്റിയതിന് ശേഷം കമ്പനിയുടെ ഡയറക്‌ടർ ബോർഡ് അംഗം ആക്കാമെന്നും പറഞ്ഞ് പറ്റിക്കുകയും ചെയ്തു.

പറഞ്ഞ പ്രകാരമുള്ള തുകയോ സേവനമോ ഇതുവരെ നൽകിയിട്ടില്ല. മേജർ രവിക്കെതിരെ ഇതിന് മുമ്പും ഈ സ്ഥാപനം പരാതി നൽകിയിരുന്നു. എന്നാൽ മേജർ രവിക്കതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാവാത്തതിനാൽ പരാതിക്കാർ കോടതിയെ സമീപിച്ചു. കോടതിയുടെ നിർദേശത്തെ തുടർന്ന് മേജർ രവിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കാൻ ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മേജർ രവിയോ, മറ്റ് പ്രതികളോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

SCROLL FOR NEXT