പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന പ്രസ്താവനയിൽ സിപിഐഎം നേതാവ് ജി. സുധാകരനെതിരെ കേസ്. ജനപ്രാതിനിധ്യ നിയമലംഘനം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.
എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആലപ്പുഴയില്‍ സംഘടിപ്പിച്ച 'സമരക്കരുത്തിൽ ഓർമത്തിരകൾ പൂര്‍വകാല നേതൃസംഗമം', എന്ന പരിപാടിയിൽ സംസാരിക്കവേയായിരുന്നു സുധാകരൻ്റെ വെളിപ്പെടുത്തൽ. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് തപാല്‍ വോട്ടുകള്‍ പൊട്ടിച്ചിട്ടുണ്ടെന്നായിരുന്നു സുധാകരൻ ആദ്യം പറഞ്ഞത്. കേസെടുത്താൽ പ്രശ്നമില്ലെന്നും സുധാകരൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു.
തപാൽ വോട്ടുകൾ പൊട്ടിച്ചെന്ന വെളിപ്പെടുത്തലിൽ ജി. സുധാകരനെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പ് പുറത്തുവിട്ടിരുന്നു. തപാൽ വോട്ടിൽ കൃത്രിമത്വം വരുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിന്മേൽ എഫ്ഐആർ ഇട്ട് കേസ് എടുക്കണമെന്ന് കമ്മീഷന്‍ നിർദേശം നൽകിയത്.
കഴിഞ്ഞ ദിവസം പ്രസ്താവന തിരുത്തി ജി. സുധാകരൻ രംഗത്തെത്തിയിരുന്നു. ബാലറ്റ് പേപ്പർ ഇന്നേവരെ തുറന്നു നോക്കിയിട്ടില്ലെന്നും, അത് തിരുത്തിയിട്ടില്ലെന്നുമാണ് സുധാകരൻ്റെ പുതിയ വാദം. അങ്ങനെ അല്ല താൻ ഉദേശിച്ചതെന്നും, പറഞ്ഞ കൂട്ടത്തിൽ ലേശം ഭാവന കൂട്ടി പറഞ്ഞതാണെന്നും സുധാകരൻ പറഞ്ഞു. താൻ കള്ളവോട്ട് ചെയ്തിട്ടില്ല, ചെയ്യിപ്പിച്ചിട്ടുമില്ലെന്നും സുധാകരൻ വെളിപ്പെടുത്തി.