നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് മൊഴി രേഖപ്പെടുത്തുക. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ അഭിഭാഷകൻ ചന്ദ്രശേഖരൻ്റെ ഫ്ലാറ്റിൽ ഇന്ന് തെളിവെടുപ്പ് നടത്തും. എറണാകുളം സ്വദേശിയായ നടി നൽകിയ ലൈംഗികാതിക്രമ പരാതിയില്‍ പ്രാഥമിക തെളിവുശേഖരണം പൂർത്തിയായി. മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, എന്നിവർക്കെതിരെയുള്ള കേസിലാണ് പൊലീസ് നടപടി.
ലൈംഗികാതിക്രമാരോപണം വിവാദമായതിനു പിന്നാലെ പ്രതികരണവുമായി ജയസൂര്യ രംഗത്തെത്തിയിരുന്നു. സാമൂഹ്യമാധ്യത്തിലൂടെയാണ് പ്രതികരിച്ചത്. തനിക്കെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങളാണെന്നും നിയമോപദേശം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സത്യം ചെരുപ്പു ധരിക്കുമ്പോഴേക്കും, നുണ ലോക സഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ എന്നും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.... പാപികളുടെ നേരെ മാത്രം.” എന്ന വാക്കുകളോടെയാണ് ജയസൂര്യ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്.
പിന്നാലെ ജയസൂര്യക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. തൻ്റെ ആരോപണം സത്യവും വ്യക്തവുമാണ്. അത് വ്യാജമെന്ന് ജയസൂര്യ തെളിയിക്കട്ടെ. കോടതിയിലും സർക്കാരിലും പൂർണ്ണ വിശ്വാസമുണ്ട് .വ്യക്തിപരമായ ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടൻ്റെ പേര് വെളിപ്പെടുത്തേണ്ടി വന്നത്. ജയസൂര്യ പ്രതികരിച്ചതിൽ സന്തോഷമുണ്ടെന്നും പരാതിക്കരി വ്യക്തമാക്കിയിരുന്നു.