NEWSROOM

ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; മാധ്യമപ്രവർത്തക റാണ അയൂബിനെതിരെ കേസെടുക്കാമെന്ന് കോടതി

റാണ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും പരാതിക്കാരി ഹരജയിൽ ഉന്നയിച്ചിരുന്നു. പരാതിയിൽ പ്രഥമദൃഷ്ട്യാ കേസെടുക്കാനുള്ള വകുപ്പുകൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.

Author : ന്യൂസ് ഡെസ്ക്

മാധ്യമ പ്രവർത്തക റാണ അയൂബിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കാമെന്ന് ഉത്തരവിട്ട് ഡൽഹിയിലെ സാകേത് കോടതി. റാണ അയൂബിന്‍റെ ട്വീറ്റുകൾ മതവികാരം വ്രണപ്പെടുത്തുന്നതും ഇന്ത്യാവിരുദ്ധവുമാണെന്നും കാട്ടി അഭിഭാഷകയായ അമിത സച്ദേവയാണ് പരാതി നൽകിയത്.

റാണയുടെ സവർക്കർ വിരുദ്ധ ട്വീറ്റുകളെക്കുറിച്ചും പരാതിയിൽ പറയുന്നുണ്ട്. റാണ രാവണനെ വാഴ്ത്തിയതിലൂടെ രാമനെ അപമാനിച്ചെന്നും ഹിന്ദുത്വ താത്വികാചാര്യനായ വി.ഡി. സവർക്കറെ മതതീവ്രവാദിയെന്ന് വിളിച്ചുവെന്നുമായിരുന്നു പരാതി. റാണ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും പരാതിക്കാരി ഹർജിയിൽ ഉന്നയിച്ചിരുന്നു. പരാതിയിൽ പ്രഥമദൃഷ്ട്യാ കേസെടുക്കാനുള്ള വകുപ്പുകൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.

സവർക്കറെ തീവ്രവാദിയെന്ന് വിളിച്ചത് ഹിന്ദുസമൂഹത്തിന് അപമാനിക്കുന്നതാണ്. രാവണനെ പുകഴ്ത്തുന്നത് രാമനെ മോശമാക്കാനാണ് എന്നും പരാതിയിലുണ്ട്. നേരത്തെ വിഖ്യാത ചിത്രകാരൻ എംഎഫ് ഹുസൈനെതിരെ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹർജി നൽകിയ അഭിഭാഷകയാണ് അമിത സച്ദേവ. റാണ അയൂബ് നിരന്തരം ഹിന്ദുവികാരം വ്രണപ്പെടുത്താൻ ശ്രമിക്കുകയാണെന്നും പത്ത് വർഷമായി ഇത് തുടരുന്നുവെന്നുമാണ് അഭിഭാഷകയുടെ ഹർജിയിലുള്ളത്.

ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം കെടുത്തുന്ന തരത്തിലുള്ള പരാ‍മർശങ്ങളും റാണ അയൂബ് നടത്തിയെന്നും ഹർജിയിലുണ്ട്. ആരോപണത്തിന്റെ ​ഗൗരവം കണക്കിലെടുത്ത് സിആർപിസി സെക്ഷൻ 156 (3) വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് സാകേത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഹിമാൻഷു രമൺസിങ് വ്യക്തമാക്കി. റാണ അയൂബ് നേരത്തെ പോസ്റ്റുചെയ്ത ട്വീറ്റുകളുടെ പേരിലാണ് നടപടി. തെളിവെടുത്ത് മുന്നോട്ടുപോകാനും പൊലീസിന് കോടതി നിർദേശം നൽകി.

2002 ​ഗുജറാത്ത് കലാപക്കേസിന്റെ അന്വേഷണാത്മക റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ ബിജെപി നേതാക്കൾക്കും കേന്ദ്ര സർക്കാരിനും കടുത്ത എതിർപ്പുള്ള ജേർണലിസ്റ്റാണ് റാണ അയ്യൂബ്. അന്താരാഷ്ട്ര പ്രശസ്തയായ റാണ നേരത്തേയും അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കേസുകൾ നേരിട്ടിരുന്നു.

SCROLL FOR NEXT