NEWSROOM

റോഡ് ഗതാഗതം തടസപ്പെടുത്തി സമരം; കണ്ണൂരില്‍ സിപിഎം നേതാക്കൾക്കും, കണ്ടാലറിയാവുന്ന 10000 പേർക്കെതിരെയും കേസ്

പിരിഞ്ഞു പോകണമെന്ന പൊലീസിൻ്റെ നിർദേശം ലംഘിച്ചും പരിപാടി നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂരിൽ റോഡ് ഗതാഗതം തടസപ്പെടുത്തി സമരം നടത്തിയതിന് സിപിഎം നേതാക്കൾക്കെതിരെ കേസ്. സിപിഎം ജില്ലാ സെക്രട്ടറി എം. വി. ജയരാജനെ ഒന്നാം പ്രതിയാക്കി കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഇ. പി.ജയരാജനാണ് പരിപാടി ഉദ്ഘാടനം ചെയ്‌തത്. 

കെ. വി. സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റ്  രത്നകുമാരി തുടങ്ങിയവരും കേസിൽ പ്രതികളാണ്. കൂടാതെ കണ്ടാലറിയാവുന്ന പതിനായിരം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കി ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പിരിഞ്ഞു പോകണമെന്ന പൊലീസിൻ്റെ നിർദേശം ലംഘിച്ചും പരിപാടി നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.

കേരളമെന്താ ഇന്ത്യയിലല്ലേ..!? എന്ന മുദ്രാവാക്യമുയർത്തി കൊണ്ടാണ് സിപിഎം ഇന്ന് കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് സമീപം പ്രതിഷേധിച്ചത്.  അപ്രഖ്യാപിത സാമ്പത്തിക ഉപരോധം തീർത്തും അർഹമായത് അനുവദിക്കാതേയും കേരളത്തെ ശ്വാസംമുട്ടിക്കുന്ന, മലയാളികളോട് ശത്രുപക്ഷത്തുള്ളവരോടെന്നോണം പെരുമാറുന്ന കേന്ദ്ര ബിജെപി സർക്കാർ നയങ്ങൾക്കെതിരായ മലയാളികളുടെ പ്രതിഷേധമാണിതെന്ന് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎമ്മിൻ്റെ സമരം. 

SCROLL FOR NEXT