സാമൂഹിക മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരെ കേസ്. മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ മേധാവി ഷാജന് സ്കറിയയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഷാജന് സ്കറിയയുടെ ചാനലില്‍ വിവിധ തീയതികളിലെ വീഡിയോകളുടെ ഭാഗങ്ങള്‍ സംയോജിപ്പിച്ച് കൃത്രിമമായി തയ്യാറാക്കി ഫെയ്സ്ബുക്ക് പേജിലൂടെ എം.എല്‍.എ. പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇത് സമൂഹത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കി ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ചെയ്തതെന്ന് പരാതിയില്‍ ആരോപിക്കുന്നു.
ALSO READ: പേരും പതാകയും ദുരുപയോഗം ചെയ്യുന്നു; പി.വി. അൻവറിനെതിരെ നിയമ നടപടിക്കൊരുങ്ങി ദ്രാവിഡ മുന്നേറ്റ കഴകം
എരുമേലി പൊലീസാണ് എം.എല്‍.എയ്ക്കെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 196, 336(1), 340 (1), 351(1) 356 (1) വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെത്തുടര്‍ന്ന് ഷാജന് സ്കറിയ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ കോടതി നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. അന്‍വറിനെതിരായി വാര്‍ത്ത ചെയ്യുന്നതിനുള്ള വിരോധം മൂലമാണ് വ്യാജവീഡിയോ പ്രചരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.