NEWSROOM

അരീക്കോട് എംഎസ്പി ക്യാമ്പില്‍ ഫോണ്‍ ചോര്‍ത്തിയെന്ന പരാമര്‍ശം; പി.വി അന്‍വറിനെതിരെ കേസെടുത്തു

Author : ന്യൂസ് ഡെസ്ക്

അരീക്കോട് എംഎസ്പി ക്യാമ്പില്‍ ഫോണ്‍ ചോര്‍ത്തിയെന്ന പരാമര്‍ശത്തില്‍ പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. മഞ്ചേരി പൊലീസാണ് കേസെടുത്തത്. ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും പുറത്തുവിട്ടിരുന്നു. എസ് ഒ ജി കമാന്‍ഡ് നല്‍കിയ പരാതിയിലാണ് കേസ്.

സെപ്റ്റംബര്‍ ആദ്യം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്‍വര്‍ ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. മുന്‍ എസ്പി സുജിത് ദാസിന്റെ നേതൃത്വത്തില്‍ മന്ത്രിമാരടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ ആരോപിച്ചു. ഇതിനായി മാവോയിസ്റ്റ് വേട്ടക്കായി രൂപീകരിച്ച ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ (എടിഎസ്) ടെലികമ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ചു.

അരീക്കോട് പഴയ എംഎസ്പി ക്യാംപ് ആസ്ഥാനത്താണ് എടിഎസ് പ്രവര്‍ത്തിക്കുന്നത്. അസിസ്റ്റന്റ് കമന്‍ഡാന്റ് അജിത്, ജീവനക്കാരായ കെ.കെ.ജിനീഷ്, എന്‍.എസ്.ശരത്, ജയപ്രസാദ്, രൂപേഷ് എന്നിവരുടെ സഹായത്തോടെയാണു ഫോണ്‍ ചോര്‍ത്തിയത്. സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ കാരിയറെ ഭീഷണിപ്പെടുത്താന്‍ സുജിത് ദാസ് ലാപ്‌ടോപില്‍ മന്ത്രിമാരടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയതിന്റെ വിവരങ്ങള്‍ കാണിച്ചെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

അതേസമയം, ഫോണ്‍ ചോര്‍ത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്ന പരാതിയില്‍ അന്‍വറിനെതിരെ കേസെടുത്തിരുന്നു. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ടെലികമ്മ്യൂണിക്കേഷന്‍ നിയമം, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സ്വകാര്യ വിവരങ്ങളടക്കം ചോര്‍ത്തിയെന്നും എഫ്‌ഐആറിലുണ്ട്.

SCROLL FOR NEXT