NEWSROOM

ഒല്ലൂരിൽ പൊലീസുകാരെ ആക്രമിച്ച സംഭവം: നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റിനും വാർഡ് മെമ്പർക്കുമെതിരെ കേസെടുത്ത് പൊലീസ്

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി , നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്

Author : ന്യൂസ് ഡെസ്ക്

തൃശൂർ ഒല്ലൂരിൽ ഷഷ്ഠി ആഘോഷത്തിനിടെ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റിനും വാർഡ് മെമ്പർക്കുമെതിരെ കേസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത്ത്, വാർഡ് മെമ്പർ ജയൻ എന്നിവർക്കെതിരെയും, കണ്ടാലറിയാവുന്ന 10 പേർക്കെതിരെയുമാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ , നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ആക്രമണത്തിൽ സീനിയർ ഓഫീസർ ലാലുവിന്റെ കൈയുടെ വിരൽ ഒടിയുകയും സിപിഒമാരായ ശ്രീകാന്ത് , ശ്രീജിത്ത് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

എരവിമംഗലം ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷത്തിനിടെയായിരുന്നു ആക്രമണമുണ്ടായത്. എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം ചിറ്റിശ്ശേരി മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ അനന്തുവാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അനന്തുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അനന്തു വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയതോടെ കൂടുതൽ പൊലീസുകാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ അക്രമമഴിച്ചുവിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.


SCROLL FOR NEXT