ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചതിൽ കേസ്. യൂട്യൂബ് ചാനലായ മലയാളി ലൈഫ്, നമ്മുടെ ന്യൂസെന്ന ഫേസ്ബുക് പേജ് എന്നിവക്കെതിരെയാണ് കേസ്. അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ നൽകിയ പരാതിയിലാണ് ചേവായൂർ പൊലീസ് കേസെടുത്തത്. അർജുനെ കാണാതായ വേളയിലും അർജുന്റെ മകൻ്റെ പിറന്നാൾ വീട്ടിൽ ആഘോഷിച്ചെന്ന തരത്തിലാണ് ഫോട്ടോയും വാർത്തയും പ്രചരിപ്പിച്ചത്.
"അവൻ്റെ അച്ഛൻ ഉണ്ടായിരുന്നേൽ ഇത് ചെയ്തേനെ, അർജുന്റെ വീട്ടിലെ പിറന്നാൾ കേക്ക് മുറി, അവൻ്റെ അച്ഛൻ ഇത് കാണുന്നുണ്ടാകാം" ഈ വിവരണത്തോടെയായിരുന്നു യൂട്യൂബ് ചാനലിൽ വ്യാജ ഫോട്ടോകൾ പ്രചരിച്ചത്. എന്നാൽ അർജുനെ കാണാതാകുന്നതിനും മുൻപ് ചിത്രീകരിച്ച ഫോട്ടോകളാണ് ഇവയെല്ലാം. മകൻ്റെ പിറന്നാളോഘോഷം എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ അർജുൻ്റെ അനിയത്തിയുടെ പിറന്നാളാഘോഷത്തിൻ്റേതാണെന്നും, മകൻ്റെ പിറന്നാൾ ഫെബ്രുവരിയിലാണെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം അർജുനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുകയാണ്. തെരച്ചിലിനായി ഡൈവിങ്ങിന് അനുമതി കിട്ടുന്നില്ലെന്നും, ഡ്രഡ്ജിങ് മെഷീൻ എത്തിച്ച് മണ്ണെടുത്താൽ മാത്രമേ ഇനി തെരച്ചിൽ സാധ്യമാകൂവെന്നും മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ അർജുൻ്റെ വീട് സന്ദർശിച്ചതിന് ശേഷം പറഞ്ഞിരുന്നു. പലതവണ അര്‍ജുന് വേണ്ടി ഗംഗാവലി പുഴയിൽ തെരച്ചില്‍ നടത്തിയ ആളാണ് മാല്‍പെ. ലോറിയിൽ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സംഘം കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല.
ജൂലൈ 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. പിന്നാലെ, അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പലതവണ പുഴയിലിറങ്ങിയുള്ള പരിശോധന നിർത്തിവെക്കേണ്ടി വന്നിരുന്നു.