ഏക്നാഥ് ഷിൻഡെ, കുനാൽ കമ്ര 
NEWSROOM

'ഏക്നാഥ് ഷിന്‍‌ഡെയെ വഞ്ചകന്‍ എന്ന് വിളിച്ചു'; സ്റ്റാന്‍ഡ്-അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്‌ക്കെതിരെ കേസ്

കുനാൽ കമ്രയുടെ പ്രസ്താവന പൊതുവികാരത്തെ മുറിപ്പെടുത്തുമെന്നാണ് എംഎൽഎയുടെ പരാതിയിൽ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയ്‌‌‌ക്കെതിരെ നടത്തിയ പരാമർശത്തിൽ സ്റ്റാൻഡ്-അപ് കൊമേഡിയൻ കുനാൽ കമ്രയ്‌‌ക്കെതിരെ കേസ്. ശിവസേന എംഎൽഎ മുർജി പട്ടേലാണ് മുംബൈ പൊലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി, ശിവസേന ഉദ്ധവ് വിഭാ​ഗം നേതാക്കളായ സഞ്ജയ് റാവത്ത്, ആദിത്യ താക്കറെ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. സ്റ്റാൻഡ് കൊമഡിക്കിടെ ഏക്നാഥ് ഷിൻഡെയ്‌ക്കെതിരെ നടത്തിയ 'വഞ്ചകന്‍' പരാമർശമാണ് വിവാദങ്ങൾക്കും കേസിനും കാരണമായത്.


കുനാൽ കമ്രയുടെ പ്രസ്താവന പൊതുവികാരത്തെ മുറിപ്പെടുത്തുമെന്നാണ് എംഎൽഎയുടെ പരാതിയിൽ പറയുന്നത്. പൊതു പ്രവർത്തകർക്ക് നേരെയുള്ള ക്രിയാത്മകമായ വിമർശനങ്ങൾ സ്വാ​ഗതം ചെയ്യുന്നുവെന്നും എന്നാൽ അപമാനിക്കുന്ന തരത്തിലുള്ള വിദ്വേഷ പരാമർശങ്ങൾ യുക്തിസഹമല്ലെന്നും ക്രമിനൽ കുറ്റകൃത്യമാണെന്നുമാണ് എംഎൽഎ പരാതി എടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിൽ പറയുന്നത്.

അൺകോണ്ടിനന്റൽ മുംബൈ ഹോട്ടലിൽ നടന്ന പരിപാടിയിലായിരുന്നു കുനാൽ കുമ്രയുടെ വിവാദ പരാമർശം. 'ദിൽ തോ പാ​ഗൽ ഹെ' എന്ന പഴയ ഹിന്ദി ​ഗാനത്തിന്റെ പരിഷ്കരിച്ച പതിപ്പിലൂടെയാണ് കുനാൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയെ പരിഹസിച്ചത്. ഇത് സ്റ്റാൻഡ്-അപ് കോമഡിയുടെ ഭാ​ഗമായ ഒരു ഇനമായിരുന്നു. 2022-ൽ അന്നത്തെ മുഖ്യമന്ത്രിയും അവിഭക്ത ശിവസേനയുടെ തലവനുമായിരുന്ന ഉദ്ധവ് താക്കറെയ്‌ക്കെതിരെ ഷിൻഡെ നടത്തിയ കലാപത്തിന്റെ സൂചിപ്പിച്ചുകൊണ്ടായിരുന്നു പരാമർശം. ഈ പരിപാടിയുടെ വീഡിയോ കുനാൽ സമൂഹമാധ്യങ്ങളി‍ൽ പങ്കുവച്ചതോടെ പ്രകോപിതരായ ശിവസേന (ഏക്നാഥ് ഷിൻഡെ വിഭാ​ഗം) ഹോട്ടലിലേക്ക് എത്തി ഓഫീസ് തല്ലിത്തകർത്തു.

അതേസമയം, ശിവസേന നേതാവ് സഞ്ജയ് നിരുപം ഹാസ്യനടനെ അടിക്കുമെന്ന് ഭീഷണിയും മുഴക്കി. താക്കറെ വിഭാ​ഗത്തിന്റെ പണം വാങ്ങിയാണ് കുനാൽ ഉപമുഖ്യമന്ത്രിയെ പരിഹസിച്ചതെന്നായിരുന്നു താനെ എംപി നരേഷ് മ്ഹാസ്കെയുടെ പ്രതികരണം. കുനാലിന്റെ പരാമർശങ്ങളെ ശിവസേന വക്താവ് കൃഷ്ണ ഹെഗ്‌ഡെ അപലപിച്ചു. പാർട്ടി പ്രവർത്തകർ സ്റ്റാൻഡ്-അപ് കോമഡിയിലെ പരാമർശങ്ങളിൽ രോഷാകുലരാണെന്നും ഹെഗ്‌ഡെ പറഞ്ഞു.

SCROLL FOR NEXT