NEWSROOM

ഷൂസിനടിയില്‍ ഒളിപ്പിച്ച് ലഹരിക്കടത്ത്; തലശ്ശേരിയിലെ ബ്രൗണ്‍ ഷുഗര്‍ വേട്ടയില്‍ പുറത്തുവരുന്നത് നിര്‍ണായക വിവരങ്ങള്‍

Author : ന്യൂസ് ഡെസ്ക്


കണ്ണൂര്‍ തലശ്ശേരിയില്‍ നിന്ന് ബ്രൗണ്‍ ഷുഗര്‍ പിടികൂടിയതിന് പിന്നാലെ പുറത്തുവരുന്നത് മുംബൈ-തലശ്ശേരി ലഹരിക്കടത്തിന്റെ നിര്‍ണായക വിവരങ്ങള്‍. 12 ലക്ഷം രൂപ വിലവരുന്ന 258 ഗ്രാം ബ്രൗണ്‍ ഷുഗറാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുംബൈയില്‍ നിന്നും നേത്രാവതി എക്‌സ്പ്രസില്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ 3 പേരില്‍ നിന്നാണ് ഡാന്‍സാഫ് സംഘവും പൊലീസും 2 ലക്ഷം രൂപ വിപണി വിലയുള്ള 258 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തത്. ലഹരിക്കടത്തിന്റെ മുംബൈ-തലശ്ശേരി പാതയെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് എല്ലാ പഴുതുകളും അടച്ച് കാത്തിരിക്കുകയായിരുന്നു.

ഈ നീക്കമറിയാതെ പ്ലാറ്റ് ഫോമിലേക്ക് വന്നിറങ്ങിയ പ്രതികള്‍ പൊലീസിന്റെ വലയിലായി. തലശ്ശേരി സ്വദേശികളായ നാസര്‍, മുഹമ്മദ് അക്രം, ഷുഹൈബ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് മുംബൈ-തലശ്ശേരി ലഹരിക്കടത്തിന്റെ നിര്‍ണായക വിവരങ്ങളാണ്.

പൊലീസിന്റെ കണ്ണുവെട്ടിച്ച് വിദഗ്ധമായ രീതിയിലായിരുന്നു സംഘത്തിന്റെ ലഹരി കടത്ത്. മുംബൈയിലെ മസ്ജിദ് എന്ന സ്ഥലത്തുള്ള സല്‍മാനില്‍ നിന്നാണ് ഇവര്‍ ലഹരി മരുന്ന് വാങ്ങുന്നത്. ഇയാളുമായി ആശയ വിനിമയം നടത്തുന്നത് ഷുഹൈബും. ലഹരി മരുന്നിനുള്ള പണം അഡ്വാന്‍സായി സിഡിഎം വഴി കൈമാറും. ട്രെയിനില്‍ മുംബൈയില്‍ പോയി ബ്രൗണ്‍ ഷുഗര്‍ വാങ്ങി വരുന്നത് നാസറാണ്. ഇയാള്‍ക്കുള്ള ട്രെയിന്‍ ടിക്കറ്റ് എടുത്ത് നല്‍കുന്നത് ഷുഹൈബും. ടിക്കറ്റ് വാട്‌സാപ്പ് വഴി അയച്ചു കൊടുക്കും.

ഇവര്‍ തമ്മിലുള്ള ആശയവിനിമയങ്ങളെല്ലാം വാട്‌സ്ആപ് വഴിയായിരുന്നു. ഷൂസിനടിയില്‍ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ചാണ് ബ്രൗണ്‍ ഷുഗര്‍ കടത്തിയത്. തലശ്ശേരിയില്‍ ബ്രൗണ്‍ ഷുഗര്‍ എത്തിച്ചാല്‍ 20,000 രൂപയാണ് നാസറിന്റെ പ്രതിഫലം. ഗ്രാമിന് 5000 രൂപ നിരക്കിലായിരുന്നു വില്‍പന. ഇവര്‍ക്കൊപ്പം പിടിയിലായ അക്രം മുംബൈയില്‍ ലഹരിക്കേസില്‍ പ്രതിയാണ്. കാലങ്ങളായി ഇവര്‍ ഈ രീതിയില്‍ ലഹരി വില്‍പന നടത്തുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

SCROLL FOR NEXT