NEWSROOM

ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പരാതി; ജനീഷ് കുമാർ എംഎൽഎയ്‌ക്കെതിരെ കേസ്

എംഎൽഎയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന വനം വകുപ്പ് ജീവനക്കാരുടെ പരാതിയെത്തുടർന്ന് കോന്നി ജനീഷ് കുമാർ എംഎൽഎയ്‌ക്കെതിരെ കേസ്. പരാതിക്കാരായ വനംവകുപ്പ് ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. എംഎൽഎയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പത്തനംതിട്ട കോന്നി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പൊലീസിൽ പരാതി നൽകിയത്. റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥരാണ് കൂടൽ പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സൗരോർജ വേലിയിൽ നിന്നും വൈദ്യുതാഘാതം ഏറ്റ് കാട്ടാന മരിച്ച സംഭവത്തിൽ തോട്ടം ഉടമയുടെ സഹായിയെ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനെത്തുടർന്ന് സ്റ്റേഷനിൽ എത്തിയ ജനീഷ് കുമാർ എംഎൽഎ സ്റ്റേഷന്‍ കത്തിക്കുമെന്നും വീണ്ടും നക്‌സലുകള്‍ വരുമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തിയിരുന്നു.

കര്‍ഷകനെ കസ്റ്റഡിയിലെടുത്തത് മതിയായ രേഖകളില്ലാതെയാണെന്നും അറസ്റ്റിനുള്ള രേഖകള്‍ നല്‍കണമെന്നും ജനീഷ് കുമാർ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ രോഷപ്രകടനത്തില്‍ ഖേദം പ്രകടിപ്പിച്ച കെ.യു. ജനീഷ് തന്റെ വാക്കുകള്‍ കടുത്തുപോയെന്നും ജനങ്ങള്‍ തന്നോട് പ്രതികരിച്ചത് ഇതിലും രൂക്ഷമായ രീതിയിലാണെന്നും വെളിപ്പെടുത്തിയിരുന്നു.

SCROLL FOR NEXT