kerala high court 
NEWSROOM

ഇനിയും തീർപ്പാക്കാതെ...; രാജ്യത്തെ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നത് 70 വർഷം പഴക്കമുള്ള കേസുകൾ

30 വർഷത്തിലധികം പഴക്കമുള്ള 62,000ലധികം കേസുകളടക്കം 58.59 ലക്ഷം കേസുകളാണ് വിവിധ ഹൈക്കോടതികളിലായി തീർപ്പാക്കാനുള്ളതെന്ന് കണക്കുകൾ പറയുന്നു

Author : ന്യൂസ് ഡെസ്ക്

രാജ്യത്തെ ഹൈക്കോടതികളിൽ 70 വർഷം പഴക്കമുള്ള കേസുകൾ വരെ തീർപ്പാകാതെ അവശേഷിക്കുന്നു. നാഷണൽ ജുഡീഷ്യൽ ഡാറ്റാ ​ഗ്രിഡിൻ്റെ കണക്കുപ്രകാരം അതാണ് വസ്തുത. 30 വർഷത്തിലധികം പഴക്കമുള്ള 62,000ലധികം കേസുകളടക്കം 58.59 ലക്ഷം കേസുകളാണ് വിവിധ ഹൈക്കോടതികളിലായി തീർപ്പാക്കാനുള്ളതെന്ന് കണക്കുകൾ പറയുന്നു.

1952ലെ മൂന്ന് കേസുകൾ, 1954ലെ നാല് കേസുകൾ, 1955 മുതലുള്ള 9 കേസുകൾ തുടങ്ങി നിരവധി കേസുകളാണ് വിധി പറയാനായി ഇപ്പോഴും ഹൈക്കോടതികളിൽ കിടക്കുന്നത്. ഏറ്റവും പഴക്കം ചെന്ന മൂന്ന് കേസുകളിൽ രണ്ടെണ്ണം കൽക്കട്ട ഹൈക്കോടതിയിലും ഒരെണ്ണം മദ്രാസ് ഹൈക്കോടതിയിലുമാണ്. ആകെ 58.59 ലക്ഷം കേസുകളിൽ ഹൈക്കോടതികൾ ഇനിയും വിധി പറഞ്ഞിട്ടില്ല. ഇതിൽ 42.64 ലക്ഷം സിവിൽ കേസുകളാണ്, 15.94 ലക്ഷം ക്രിമിനൽ കേസുകളും. 2.45 ലക്ഷം കേസുകൾ 20 വർഷത്തിലധികമായി തീർപ്പാവാതെ കിടക്കുകയാണ്.

ജില്ലാ കോടതികൾ, ഹൈക്കോടതികൾ, സുപ്രീം കോടതി എന്നിങ്ങനെ വിവിധയിടത്തായി അഞ്ച് കോടിയിലധികം കേസുകൾ കെട്ടിക്കിടക്കുന്നു എന്നും ഈ കണക്കിലുണ്ട്. പല കേസിലും കക്ഷികൾ ഹാജരാകുകയോ കേസ് മുന്നോട്ട് കൊണ്ടുപോകാൻ താൽപ്പര്യം കാണിക്കുകയോ ചെയ്യുന്നില്ല. സിവിൽ കേസുകളിൽ പലതിലും നീതി ആവശ്യമുള്ളയാൾ മരിച്ചുപോയി കാലങ്ങൾ കഴിഞ്ഞാലും വിധി പുറത്തുവരാത്ത സ്ഥിതിയുമുണ്ട്. രാജ്യത്തെ നീതിന്യായ സംവിധാനത്തിലെ വിധി പറയാനുള്ള കാലതാമസം കടുത്ത യാഥാർത്ഥ്യമാണെന്ന് നാഷണൽ ജുഡീഷ്യൽ ഡാറ്റ ​ഗ്രിഡ് വ്യക്തമാക്കുന്നു.

ഇത്തരം കേസുകളിൽ 25 മുതൽ 30 ശതമാനം വരെ ഒറ്റയടിക്ക് അവസാനിപ്പിക്കാൻ കഴിയുമെന്നാണ് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറയുന്നത്. ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ വെല്ലുവിളിയാണെന്നും, കോടതിയിലെത്തുന്ന കേസുകൾ പരിഗണിക്കാതെ മാറ്റിവെക്കുന്ന രീതി മാറണമെന്നും രാഷ്ട്രപതി ദ്രൗപതി മുർമു നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കേസുകൾ കെട്ടിക്കിടക്കുന്നതും ജഡ്ജിമാരില്ലാത്തതും എണ്ണക്കുറവും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ആശങ്കയായി ചൂണ്ടിക്കാട്ടിയിരുന്നു.


SCROLL FOR NEXT