തൃപ്പൂണിത്തുറ നഗരസഭ കൗൺസിലിലെ ജാതി അധിക്ഷേപ പരാതിയിൽ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി കൗൺസിലർ പി.കെ. പീതാംബരൻ. അധിക്ഷേപ പരാമർശം നടത്തിയ വൈസ് ചെയർമാനും സിപിഎം നേതാവുമായ കെ.കെ. പ്രദീപ് കുമാറിനെതിരെ നടപടിയെടുക്കാത്തത് രാഷ്ട്രീയ സ്വാധീനം കൊണ്ടെന്നാണ് ആക്ഷേപം. പരാതിയിൽ കഴമ്പില്ലെന്നാണ് നഗരസഭ അധ്യക്ഷയുടെയും പൊലീസിൻ്റെയും വാദം.
കഴിഞ്ഞ മാസം 25 നായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഇരുമ്പനം പൊതു ശ്മശാനത്തിൽ സ്ഥാപിക്കുന്ന മെറ്റീരിയൽ കളക്ഷൻ സെൻ്ററിൻ്റെ നിർമാണം ഹൈക്കോടതി വിധി വരുന്നത് വരെ നിർത്തി വയ്ക്കണമെന്ന് 41ാം വാർഡ് കൗൺസിലറായ പി.കെ. പീതാംബരൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നുണ്ടായ തർക്കത്തിനിടയിലാണ് വൈസ് ചെയർമാൻ ജാതി അധിക്ഷേപം നടത്തിയതെന്നാണ് പീതാംബരൻ ആരോപിക്കുന്നത്. നഗരസഭ കൗൺസിലിനിടയിൽ ഉയർന്ന പരാമർശമാണെന്ന് ആരോപിക്കുമ്പോഴും വിവാദ പ്രസ്താവന തങ്ങളുടെ സഹപ്രവർത്തകനിൽ നിന്നുണ്ടായിട്ടില്ലെന്നാണ് യോഗത്തിൻ്റെ അധ്യക്ഷ കൂടിയായ ചെയർപേഴ്സൻ്റെ പക്ഷം.
എന്നാൽ പ്രാഥമികാന്വേഷണത്തിൽ പിതാംബരൻ്റെ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് വിശദീകരണം. പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ പട്ടിക ജാതി കമ്മീഷനോടൊപ്പം ജില്ലാ കളക്ടർക്കും പീതാംബരൻ പരാതി നൽകി. രാഷ്ട്രീയ സ്വാധീനം മൂലം പരാതി മുക്കി കളയാനാണ് നീക്കമെന്നും ആരോപണമുണ്ട്.