NEWSROOM

സ്വപ്നം കണ്ടത് നേവിയിലെ ജോലി, എട്ടാം ക്ലാസിൽ ശെമ്മാശപട്ടം, പടിപടിയായി നേതൃസ്ഥാനങ്ങളിലേക്ക്; ജോസഫ് മാർ ഗ്രിഗോറിയോസിൻ്റെ ജീവിതരേഖ

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പെരുമ്പിള്ളി തിരുമേനി വീട്ടിലെത്തി ആവശ്യപ്പെട്ടതിനെ തുടർന്നാണ് വൈദിക ജീവിതത്തിലേക്ക് കടക്കുന്നത്.1974 മാർച്ച് 25ന് ശെമ്മാശ പട്ടം നേടി. പെരുമ്പിള്ളി മോര്‍ യൂലിയോസ് സെമിനാരിലാണ് വൈദിക പഠനം നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

മലങ്കര മെത്രാപ്പൊലീത്തയും എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേൽക്കുന്നു. ഇന്ന് നടക്കുന്ന വാഴിക്കൽ ചടങ്ങ് ഇന്ത്യയിലെ യാക്കോബായ സുറിയാനി സഭ വിശ്വാസികൾ അഭിമാന നിമിഷമായി കണക്കാക്കുകയാണ്. വൈദിക ജീവിതവും, സഭാ നടപടികളുമെല്ലാം കൃത്യനിഷ്ഠയോടെ മുന്നോട്ടു കൊണ്ടുപോയിരുന്ന ജോസഫ് മാർ ഗ്രിഗോറിയോസിൻ്റെ ജീവിത രേഖയും അതിശയിപ്പിക്കുന്നതാണ്.

മുളന്തുരുത്തി മാര്‍ത്തോമ്മന്‍ ഇടവകയില്‍ പെരുമ്പിള്ളി ശ്രാമ്പിക്കല്‍ പള്ളത്തിട്ടയില്‍ ചെറുകിട കർഷക കുടുംബത്തിൽ വര്‍ഗീസിന്റെയും സാറാമ്മയുടെയും മകനായി 1960 നവംബര്‍ 10 നാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ ജനനം. പെരുമ്പള്ളി പ്രൈമറി സ്‌കൂള്‍, മുളന്തുരുത്തി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 4 സഹോദരങ്ങളായിരുന്നു. ചെറുപ്പത്തിൽ ഗുരുതരമായ മഞ്ഞപ്പിത്ത ബാധയിൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. രോഗം ഗുരുതരമായതിനെ തുടർന്ന് സഹോദരി മരിച്ചു.


സ്പോർട്സിലും മറ്റും താൽപര്യമുണ്ടായിരുന്നു. പറ്റിയാൽ നാവികസേനയിലൊരു ജോലി കിട്ട‌ണമെന്നായിരുന്നു അക്കാലത്തെ ആഗ്രഹം. സ്കൂൾ കാലത്ത് അൾത്താര ബാലനായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പെരുമ്പിള്ളി തിരുമേനി വീട്ടിലെത്തി ആവശ്യപ്പെട്ടതിനെ തുടർന്നാണ് വൈദിക ജീവിതത്തിലേക്ക് കടക്കുന്നത്.1974 മാർച്ച് 25ന് ശെമ്മാശ പട്ടം നേടി. പെരുമ്പിള്ളി മോര്‍ യൂലിയോസ് സെമിനാരിയിലാണ് വൈദിക പഠനം നടത്തിയത്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കി.

1984 മാര്‍ച്ച് 25ന് വൈദികപട്ടം സ്വീകരിച്ചു. 1988ൽ അയർലൻഡിലെ സെൻ്റ് പാട്രിക് കോളേജിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദം നേടി. 1994 ജനുവരി 16ന് മാർ ഗ്രിഗോറിയസ് എന്ന പേരിൽ മെത്രാപ്പൊലീത്ത സ്ഥാനം. 1994 മുതൽ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായി. കൊല്ലം, തുമ്പമൺ, നിരണം, തൃശൂർ, മലബാർ, അങ്കമാലി, യുകെ, ഗൾഫ്, യൂറോപ്പ് ഭദ്രാസനങ്ങളുടെ ചുമതലയും വഹിച്ചു.

2019 ഓഗസ്റ്റ് 28 യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി. 2024 ഫെബ്രുവരി 4ന് മലങ്കര മെത്രാപ്പൊലീത്തയായി പ്രഖ്യാപിച്ചു. പിന്നീട് കാതോലിക്കോസ് അസിസ്റ്റൻ്റ് ആയി നിയമിച്ചു. നിലവിൽ എപ്പിസ്കോപ്പൽ സുന്നഹദോസിൻ്റെ പ്രസിഡൻ്റാണ്. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ, വില്‍പത്രത്തില്‍ തൻ്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ പ്രഖ്യാപിച്ചിരുന്നു.

പരിശുദ്ധ പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ കാതോലിക്കയായി ഇന്ന് വാഴിക്കപ്പെടും. പ്രാദേശിക ഭരണത്തിനായി ക്രമീകരിച്ച കാതോലിക്കേറ്റിലെ 81-ാമത് ബാവയാകും ജോസഫ് മാർ ഗ്രിഗോറിയോസ്. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലിൽ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് പ്രധാന ചടങ്ങുകൾ.

SCROLL FOR NEXT