നിപ മൂലം മരണമടഞ്ഞ പതിനഞ്ച് കാരന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. രാവിലെ 10.50നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം. 11.30 യോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വീട്ടുകാരുടെ കൂടി താൽപര്യം കണക്കിലെടുത്ത് ജില്ലാ കളക്ടറുമായി മീറ്റിങ് നടത്തിയതിന് ശേഷം മാത്രമായിരിക്കും സംസ്കാര ചടങ്ങുകൾ എങ്ങനെ വേണമെന്ന് തീരുമാനിക്കുക. രാജ്യാന്തര പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക. രണ്ട് പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ ശക്തമാക്കുന്നത് സംബന്ധിച്ച് വൈകിട്ടോടെ തീരുമാനം എടുക്കുമെന്നും വീണ ജോർജ്ജ് പറഞ്ഞു.
സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് വൈറൽ ഫീവർ കണ്ടെത്തിയെന്നും അവർ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. 63 പേർ ഹൈറിസ്ക് പട്ടികയിലുണ്ടെന്നും, റൂട്ട് മാപ്പിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകളെ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവരുടേയും സാമ്പിളുകളെടുക്കുമെന്നും ലക്ഷണങ്ങൾ ഉള്ളവരെ ആദ്യം പരിശോധിച്ച ശേഷം, മറ്റുള്ളവരുടേയും സമ്പിളുകളും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമ്പർക പട്ടികയിലുള്ള ഒരാൾക്ക് ഐസിയു സപ്പോർട്ട് ആവശ്യമാണ്.