വാളയാർ കേസിൽ ജീവനൊടുക്കിയ പെൺകുട്ടികളുടെ മാതാപിതാക്കളെ ഉൾപ്പെടെ പ്രതി ചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിച്ച് സിബിഐ. ആറ് കേസുകളിലായാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വാളയാർ കേസിലെ കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ബലാത്സംഗ പ്രേരണാക്കുറ്റമാണ് സിബിഐ ചുമത്തിയിരിക്കുന്നത്. മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ സിബിഐ കുറ്റപത്രത്തിൽ രണ്ടും മൂന്നും പ്രതികളാണ്. പീഡനവിവരം യഥാസമയം അറിയിച്ചില്ലെന്നാണ് ആരോപണം.
തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതികളാക്കിയത്. പോക്സോ വകുപ്പുകളും ഐപിസി വകുപ്പുകളും മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം, സിബിഐ കുറ്റപത്രം തള്ളി വാളയാർ കുട്ടികളുടെ അമ്മ രംഗത്തെത്തി. പീഡന വിവരമുള്ള പോസ്റ്റ് മോർട്ടം റിപ്പോർട്ട് പൂഴ്ത്തിയവരാണ് യഥാർഥ പ്രതികളെന്ന് കുട്ടികളുടെ അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു. ബലാത്സംഗ പ്രേരണാക്കുറ്റത്തിന് തെളിവ് എവിടെയെന്ന് അവർ ചോദിച്ചു.
ഞങ്ങൾക്കെതിരെ എന്ത് തെളിവാണ് കയ്യിലുള്ളതെങ്കിലും സിബിഐ കൊണ്ടുവരട്ടെയെന്നും അത് എന്തായാലും നേരിടാൻ ഞങ്ങൾ തയ്യാറാണെന്നും വാളയാർ കുട്ടികളുടെ അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു. "എൻ്റെ മക്കൾക്ക് വേണ്ടി ഏതെല്ലാം തെരുവിൽ കിടന്നിട്ടുണ്ടെന്ന് എനിക്ക് മാത്രമറിയുന്ന കാര്യമാണ്. യഥാർഥ പ്രതിയിലേക്ക് എത്തിച്ചേരാൻ എത്ര പ്രയാസം സഹിച്ചായാലും സമരവുമായി മുന്നോട്ടുപോകും. ഇവര് എന്തൊക്കെ പറഞ്ഞാലും അതെല്ലാം വിഷയമല്ലെന്ന് വെച്ച് മുന്നോട്ടു പോകും," വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.