ലോകാരോഗ്യ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന അമേരിക്കയിലെ പൊതു ആരോഗ്യ പ്രവർത്തകർ അവരുടെ സേവനം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎസ് സെൻ്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഉത്തരവിട്ടു. ലോകാരോഗ്യ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന രാജ്യത്തെ മുഴുവൻ ഏജൻസി ജീവനക്കാരും അവരുടെ സഹകരണം ഉടൻ അവസാനിപ്പിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിർദേശം പിന്തുടരണമെന്നും സിഡിസി അറിയിച്ചു.
ലോകാരോഗ്യ സംഘടനയിൽ നിന്നും വിട്ട് നിൽക്കുന്നതിനുള്ള യുഎസിൻ്റെ തീരുമാനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിഡിസിയുടെ നടപടി. ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിൻമാറുമെന്ന് നേരത്തെ ട്രംപ് അറിയിച്ചിരുന്നു. കോവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടന മെല്ലെപ്പോക്കാണ് നടത്തുന്നതെന്നാണ് ട്രംപ് ഉന്നയിച്ച പ്രധാന ആരോപണം.
ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന സംഘടനയെന്നാണ് ലോകാരോഗ്യ സംഘടനയെ ട്രംപ് വിശേഷിപ്പിച്ചത്. ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറുന്ന തീരുമാനം അറിയിച്ചതിന് പിന്നാലെ, സംഘടനയ്ക്ക് നൽകുന്ന സാമ്പത്തിക സഹായവും യുഎസ് നിർത്തലാക്കിയിരുന്നു. ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരുന്ന കാര്യം ഭാവിയിൽ ആലോചിച്ച് തീരുമാനിക്കുമെന്ന് ട്രംപ് അറിയിച്ചു.
ALSO READ: ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള യു.എസ് പിന്മാറ്റം; ട്രംപ് പറയുന്ന കാരണങ്ങളും തിരിച്ചടികളും
ആദ്യ ഭരണകാലത്ത് സംഘടനയിൽ നിന്നും പിന്മാറുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ട്രംപിന് ശേഷം അധികാരത്തിൽ വന്ന ബൈഡന്‍ അത് റദ്ദാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുമെന്ന കാര്യം ട്രംപ് ആവര്‍ത്തിച്ചിരുന്നു. ഈ വാക്ക് പാലിക്കുക എന്നതാണ് പിന്മാറാനുള്ള തീരുമാനം ഒന്നുകൂടി ഓർമിപ്പിക്കുന്നതിന് പിന്നിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതോടെ ആ കാര്യം ഏകദേശം തീരുമാനമായി. എന്നാൽ തീരുമാനം പുനർവിചിന്തനത്തിന് വിധേയമാക്കുമെന്നാണ് ട്രംപിൻ്റെ പുതിയ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.