NEWSROOM

എമ്പുരാൻ; സെൻസർ ബോർഡ് നിർദേശിച്ചത് രണ്ട് കട്ട് മാത്രം, സ്ത്രീകൾക്കെതിരായ അക്രമ ദൃശ്യത്തിൻ്റെ ദൈർഘ്യത്തിലും ദേശീയ പതാക പരാമർശത്തിലും മാറ്റം

എന്നാൽ സംഘ്പരിവാർ ഉയർത്തിക്കൊണ്ടു വരുന്ന വിഷയങ്ങളൊന്നും തന്നെ സെൻസർബോർഡ് പരിഗണിച്ചില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മാർച്ച് ആറിനാണ് എമ്പുരാൻ്റെ സെൻസറിങ് നടന്നത്.

Author : ന്യൂസ് ഡെസ്ക്

എമ്പുരാൻ സിനിമ ഒരു വശത്ത് 100 കോടി ക്ലബ്ബും കടന്ന് മുന്നേറുമ്പോൾ മറുവശത്ത് വിവാദങ്ങൾ പൊടിപൊടിക്കുകയാണ്. ദേശവിരുദ്ധ അജണ്ട ആരോപിച്ച് ആർഎസ്സ് ഉൾപ്പെടെയുള്ള വർഗീയ സംഘടനകൾ ചിത്രത്തിനെതിരെ സൈബർ ആക്രമണം തുടരുകയാണ്. ചിത്രം ബഹിഷ്കരിക്കാനുള്ള ആഹ്വാനവും നടക്കുന്നുണ്ട്. എന്നാൽ സംഘ്പരിവാർ ഉയർത്തിക്കൊണ്ടു വരുന്ന വിഷയങ്ങളൊന്നും തന്നെ സെൻസർബോർഡ് പരിഗണിച്ചില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മാർച്ച് ആറിനാണ് എമ്പുരാൻ്റെ സെൻസറിങ് നടന്നത്.

രണ്ടേ രണ്ട് കട്ട് മാത്രമാണ് സിനിമയിൽ സെൻസർ ബോർഡ് നിർദേശിച്ചത്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിൻ്റെ ദൈർഘ്യത്തിലും ദേശീയ പതാക പരാമർശത്തിലും മാറ്റം വരുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഈ രണ്ടു സീനുകളും ചേർന്നാൽ തന്നെ ആകെ രണ്ടു മിനിറ്റിൽ താഴെയേ വരൂ. സ്വരൂപ കർത്ത, റോഷ്‌നി ദാസ് കെ, ജി.എം മഹേഷ്, മഞ്ജുഷൻ എം.എം. എന്നിവരായിരുന്നു സെൻസർ ബോർഡിലെ അംഗങ്ങൾ. നദീം തുഫൈൽ എന്ന റീജ്യനൽ ഓഫീസറും ബോർഡിൽ ഉണ്ടായിരുന്നു.

ഗുജറാത്ത് വംശഹത്യ ഓർമപ്പെടുത്തുന്ന ഭാഗങ്ങളാണ് സംഘപരിവാർ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. എമ്പുരാനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മുഖവാരിക ഓർഗനൈസർ ലേഖനം പ്രസിദ്ധീകരിച്ചു. ഗോധ്ര കലാപത്തിന്റെ പശ്ചാത്തലത്തിലൂടെ ഹിന്ദു വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ചിത്രം ശ്രമിച്ചതെന്നാണ് ഓർഗനൈസറിലെ ലേഖനം. പൃഥ്വിരാജ് ചിത്രത്തിൽ രാഷ്ട്രീയസൂക്ഷ്മത കാണിച്ചില്ലെന്നും മോഹൻലാൽ ആരാധകരെ നിരാശപ്പെടുത്തിയെന്നും ലേഖനത്തിൽ ആർഎസ്എസ് വാരിക വിമർശിക്കുന്നു.

സിനിമയിലൂടെ ദേശവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായും, പൃഥ്വിരാജിന് ഭീകരബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ആരോപണങ്ങൾ ഉയർന്നു. നടൻ്റെ വിദേശ ബന്ധങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന സെക്രട്ടറി കെ ഗണേഷ് രംഗത്തെത്തിയിരുന്നു. ആടുജീവിതം, ജനഗണമന, എമ്പുരാൻ ചിത്രങ്ങൾ പരാമർശിച്ചാണ് കെ ഗണേഷിൻ്റെ പോസ്റ്റ്

SCROLL FOR NEXT