കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി പശ്ചിമ ബംഗാൾ സർക്കാർ സഹകരിക്കുന്നില്ലെന്ന ആരോപണവുമായി സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ. സുപ്രീംകോടതിയാണ് ആശുപത്രിയിൽ സിഐഎസ്എഫിനെ വിന്യസിക്കാൻ ഉത്തരവിട്ടത്. സിഐഎസ്എഫുമായി പൂർണ്ണ സഹകരണം നൽകാൻ കേന്ദ്രസർക്കാർ പശ്ചിമബംഗാൾ അധികാരികളോട് നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ഇതിന് കഴിയാതെ വന്ന സാഹചര്യത്തിൽ കോടതി ഉത്തരവുകൾ മനഃപൂർവം പാലിക്കാത്തതിന്, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
ആഗസ്റ്റ് 9 ന് നടന്ന ക്രൂരകൊലപാതകത്തെ ഭയങ്കരം എന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി, സംസ്ഥാനത്തെ ഡോക്ടർമാർക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനായി 10 അംഗ നാഷണൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനായി നിർദ്ദേശിച്ചിരുന്നു. കൂടാതെ, ആശുപത്രിയിലെ ആൾക്കൂട്ട അക്രമം, കൊൽക്കത്ത പൊലീസ് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയെന്ന ആരോപണം എന്നിവ സുപ്രീം കോടതി ഗൗരവമായി കാണുകയും, ഡോക്ടർമാർക്ക് ജോലി പുനരാരംഭിക്കാൻ സഹായിക്കുന്നതിനായി ആശുപത്രിയിൽ സിഐഎസ്എഫിനെ വിന്യസിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. പിന്നാലെയാണ് സംസ്ഥാനത്ത് സേനയെത്തിയത്.
എന്നാൽ ആർ.ജി. കാർ ഹോസ്പിറ്റലിൽ വിന്യസിച്ചിരിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് താമസ സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും ലഭിച്ചിട്ടില്ല. ഇതോടെ ഉദ്യോഗസ്ഥർ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുകയാണ്. നിലവിൽ കൊൽക്കത്തയിലെ സിഐഎസ്എഫ് യൂണിറ്റ് എസ്എംപിയിലാണ് (ശ്യാമ പ്രസാദ് മുഖർജി തുറമുഖം) സൈനികർ താമസിക്കുന്നത്. ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് നിന്ന് ആശുപത്രിയിലേക്ക് ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്യണം. അതിനാൽ അത്യാഹിത സമയത്ത് വേഗത്തിലും കൃത്യമായും പ്രതികരിക്കാനും, കാര്യക്ഷമമായി ചുമതലകൾ നിർവഹിക്കാനും,സിഐഎസ്എഫ് സൈനികരെ അണിനിരത്താനും ബുദ്ധിമുട്ടാണെന്ന് അപേക്ഷയിൽ പറയുന്നു.
സേനയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ഉപകരണങ്ങളും ആവശ്യപ്പെട്ട് സെപ്റ്റംബർ 2 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നാൽ വിഷയത്തിൽ സർക്കാരിൽ നിന്നും ഒരു തരത്തിലുമുള്ള പ്രതികരണവുമുണ്ടായില്ലെന്ന് കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. ഡോക്ടർമാരുടെയും പ്രത്യേകിച്ച് വനിതാ ഡോക്ടർമാരുടെയും സുരക്ഷയ്ക്ക് സംസ്ഥാനം മുൻഗണന നൽകണമെന്നും നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് ഇത്തരമൊരു നിസ്സഹകരണം പ്രതീക്ഷിക്കുന്നില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സെപ്റ്റംബർ അഞ്ചിന് കേസ് പരിഗണിക്കും. സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ആഗസ്റ്റ് 9 ന് ആശുപത്രിയിലെ സെമിനാർ ഹാളിൽ ഗുരുതരമായ പരിക്കുകളോടെ ട്രെയ്‌നി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ പശ്ചിമ ബംഗാൾ സർക്കാർ രൂപീകരിച്ചിരുന്നു. പിന്നാലെ ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അറസ്റ്റിലായി. സിബിഐയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് സിബിഐ അറസ്റ്റ്. സന്ദീപ് ഘോഷിനെതിരെ കഴിഞ്ഞ മാസം 20 നാണ് സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കൊൽക്കത്ത പൊലീസ് അഴിമതിക്കേസ് രജിസ്റ്റർ ചെയ്തത്.