NEWSROOM

നീറ്റ് ചോദ്യപേപ്പർ ചോർന്നില്ലെങ്കിൽ പിന്നെ സിബിഐ അറസ്റ്റുകളെന്തിന്? ഉത്തരം ലഭിക്കാതെ ചോദ്യങ്ങൾ

ഇത്രയധികം ആരോപണങ്ങളും റിപ്പോർട്ടുകളും നിലനിൽക്കുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചത്

Author : ന്യൂസ് ഡെസ്ക്

നീറ്റ് പരീക്ഷ ചോദ്യപേപ്പറുകൾ ചോർന്നിട്ടില്ലെന്ന നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയുടെയും ബിഹാർ പൊലീസിൻ്റെയും വാദം തകർന്നു കൊണ്ടിരിക്കുകയാണ്. ഇവരുടെ പ്രസ്താവനയ്ക്ക് പിന്നാലെ പത്തോളം അറസ്റ്റുകൾ സിബിഐയും പൊലീസും ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു. ചോദ്യപേപ്പർ ചോർച്ച ഉണ്ടായില്ലെങ്കിൽ പട്നയിലെ പൊലീസും സിബിഐയും എന്തിനാണ് ആളുകളെ അറസ്റ്റ് ചെയ്യുന്നതെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഉയർന്ന ആരോപണങ്ങളും തെളിവുകളും പരിശോധിക്കാം. 

നീറ്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അറസ്റ്റുകൾ നടന്ന ഗുജറാത്തിലെ ഗോധ്രയിലെ കേന്ദ്രത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 15 വിദ്യാർഥികളെങ്കിലും നീറ്റ്- യുജി പരീക്ഷ എഴുതിയതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ഹരിയാനയിലെ ബഹാദുർഗഡിൽ നിന്നാണ് മറ്റൊരു നിർണായക ആരോപണം ഉയരുന്നത്. പരീക്ഷകേന്ദ്രത്തിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കൃത്യമായ സമയം ലഭിച്ചിരുന്നു. എന്നാൽ ഇക്കാരണം പറഞ്ഞ് എൻടിഎ അവർക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതായി പരീക്ഷാ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സ്കൂളിലെ പ്രിൻസിപ്പാൾ ആരോപിച്ചു.

അതേസമയം നീറ്റ് പരീക്ഷയിൽ 700ലധികം മാർക്ക് നേടിയ വിദ്യാർഥികളുടെ എണ്ണം അഞ്ചിരട്ടിയായാണ് വർധിച്ചത്. 710ന് മുകളിൽ മാർക്ക് നേടിയവരുടെ എണ്ണവും 900 ശതമാനം വർധിച്ചു. 2021ൽ 23 വിദ്യാർഥികൾ 720ൽ 710 മാർക്ക് നേടിയിരുന്നു. 2022ൽ 12 പേർക്കും 2023ൽ 48 പേർക്കും ഉയർന്ന സ്കോറുകൾ ലഭിച്ചു. എന്നാൽ 2024ൽ 500 പേർക്കാണ് 710ന് മുകളിൽ മാർക്ക് ലഭിച്ചത്!

മെയ് 19ന് തീ വെച്ച പേപ്പറുകളുടെ വിവരങ്ങൾ നൽകാൻ എൻടിഎയോട് ബീഹാർ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിൽ മറുപടി നൽകാനുണ്ടായ കാലതാമസവും സംശയാസ്പദമാണ്. ബീഹാറിലെ ഹസാരിബാഗിൽ നീറ്റ് പരീക്ഷ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പേപ്പർ ചോർച്ച നടന്നതെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ശേഖരിച്ചതായി സിബിഐ അറിയിച്ചിട്ടുണ്ട്. എന്നാൽ സ്റ്റോറേജിൽ നിന്ന് ഒരു ചോദ്യപേപ്പർ പോലും ചോർന്നിട്ടില്ലെന്നാണ് എൻടിഎയുടെ വാദം.  വ്യാജ ചോദ്യപേപ്പറുകളിൽ മാറ്റങ്ങൾ വരുത്തി യഥാർത്ഥ ചോദ്യപേപ്പറാക്കിയെന്നും, ഇത് വിദ്യാർഥികൾക്കിടയിൽ പരത്തി നീറ്റ് പരീക്ഷ വിവാദമാക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമങ്ങൾ നടക്കുന്നെന്നും ആരോപണമുണ്ട്.

1600 വിദ്യാർഥികൾക്ക് പരീക്ഷക്ക് മുൻപേ ചോദ്യപേപ്പർ ലഭിച്ചിരുന്നതായായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ വെറും 153 വിദ്യാർഥികൾക്ക് മാത്രമേ ചോദ്യപേപ്പർ ചോർച്ചയിൽ ഗുണമുണ്ടായിട്ടുള്ളു എന്നാണ് ഇപ്പോൾ ഉയരുന്ന വാദം. എന്നാൽ ഈ 153 വിദ്യാർഥികൾ ആരാണെന്നോ ഇവരുടെ പരീക്ഷാ കേന്ദ്രം എവിടെയായിരുന്നെന്നോ എന്നതിൽ യാതൊരു വിവരവുമില്ല.

50 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. ഇവരുടെ ഓൺലൈൻ ഓഫ്‌ലൈൻ പരീക്ഷകൾ നടത്താൻ വെറും 11 പേരെയാണ് എൻടിഎ ചുമതലപ്പെടുത്തിയിരുന്നത്. നീറ്റ് പരീക്ഷ നടത്താൻ 250 കോടി രൂപ പിരിക്കുന്ന എൻടിഎ വെറും 90 കോടി രൂപ മാത്രമാണ് പരീക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ഇത്രയധികം ആരോപണങ്ങളും റിപ്പോർട്ടുകളും നിലനിൽക്കുന്ന സാഹചര്യത്തിലും നീറ്റ് യുജി 2024ൽ വലിയ  ക്രമക്കേടുകളോ ഒരു പ്രദേശത്ത് മാത്രം കേന്ദ്രീകരിച്ചുള്ള ചോർച്ചയോ നടന്നതായി സൂചനകളില്ലെന്നാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. ഐഐടി മദ്രാസ് നടത്തിയ മൂല്യനിർണയത്തിൽ പിഴവുകളുണ്ടായിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

SCROLL FOR NEXT