മുംബൈയിൽ ഭീകരാക്രമണ സാധ്യതാ മുന്നറിയിപ്പ് നൽകി കേന്ദ്ര ഏജൻസികൾ. മുന്നറിയിപ്പിന് പിന്നാലെ നഗരത്തിലെ പ്രാന്തപ്രദേശങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കി. നഗരത്തിലെ ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
മുന്നറിയിപ്പിന് പിന്നാലെ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിളും 'മോക്ക് ഡ്രില്ലുകൾ' നടത്താൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. നഗരത്തിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാർ, അതത് സോണുകളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും നിർദേശമുണ്ട്.
മുൻകരുതൽ നടപടിയായി നഗരത്തിലെ ആരാധനാലയങ്ങളിൽ ജാഗ്രത പാലിക്കാനും, സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. രണ്ട് പ്രശസ്തമായ ആരാധനാലയങ്ങളുള്ള ക്രോഫോർഡ് മാർക്കറ്റ് ഏരിയയിൽ പൊലീസ് കഴിഞ്ഞ ദിവസം മോക്ക് ഡ്രിൽ നടത്തിയിരുന്നു. എന്നാൽ ഇത് ഉത്സവ സീസണിന് മുന്നോടിയായുള്ള സുരക്ഷാ പരിശീലനമായിരുന്നെന്ന് അധികൃതർ അറിയിച്ചു.