NEWSROOM

എംപിമാരുടെ ശമ്പളത്തില്‍ 24 ശതമാനം വര്‍ധന; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍

2018 നു ശേഷം ഇതാദ്യാമായാണ് എംപിമാരുടെ ആനുകൂല്യങ്ങളില്‍ പരിഷ്‌കരണം ഉണ്ടാകുന്നത്

Author : ന്യൂസ് ഡെസ്ക്

എംപിമാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. എംപിമാരുടെ ശമ്പളം 24 ശതമാനമാണ് വര്‍ധിപ്പിച്ചത്. ദിനബത്ത, പെന്‍ഷന്‍ എന്നിവയും വര്‍ധിപ്പിച്ചിട്ടുണ്ട്. സിറ്റിങ് എംപിയുടെ ശമ്പളം ഒരു ലക്ഷത്തില്‍ നിന്ന് 1,24,000 ആയാണ് ഉയര്‍ത്തിയത്.

ദിനബത്ത 2000 ല്‍ നിന്നും 2500 ആയും പെന്‍ഷന്‍ 25,000 ല്‍ നിന്ന് 31,000 രൂപയായും വര്‍ധിപ്പിച്ചു. 2023 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ആനുകൂല്യങ്ങളിൽ വര്‍ധന ഉണ്ടാകുക. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.

2018 നു ശേഷം ഇതാദ്യാമായാണ് എംപിമാരുടെ ആനുകൂല്യങ്ങളില്‍ പരിഷ്‌കരണം ഉണ്ടാകുന്നത്. കഴിഞ്ഞ പരിഷ്‌കരണത്തില്‍, എംപിമാരുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 1,00,000 രൂപയായി നിശ്ചയിച്ചിരുന്നു. കൂടാതെ ഓഫീസ് ചെലവുകളും വോട്ടര്‍ ഇടപെടലുകളും വഹിക്കുന്നതിനായി 70,000 രൂപ നിയോജകമണ്ഡല അലവന്‍സും നല്‍കിയിരുന്നു.

ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗത്തിനുള്ള വാര്‍ഷിക അലവന്‍സ്, എംപിമാര്‍ക്കും കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 34 സൗജന്യ ആഭ്യന്തര വിമാന യാത്രകള്‍, പരിധിയില്ലാത്ത ഫസ്റ്റ് ക്ലാസ് ട്രെയിന്‍ യാത്ര, റോഡ് യാത്രയ്ക്ക് മൈലേജ് അലവന്‍സ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.

കൂടാതെ, പ്രതിവര്‍ഷം 50,000 യൂണിറ്റ് സൗജന്യ വൈദ്യുതി, 4000 കിലോലിറ്റര്‍ ജലം, ന്യൂഡല്‍ഹിയില്‍ സര്‍ക്കാര്‍ വക വസതി, ഔദ്യോഗിക വസതി ആവശ്യമില്ലാത്തവര്‍ക്ക് ഭവന അലവന്‍സും ലഭിക്കും.


SCROLL FOR NEXT