NEWSROOM

കയര്‍ ബോര്‍ഡ് ജീവനക്കാരിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍

അഴിമതി ചൂണ്ടികാട്ടിയതിന് ജോളിയെ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ നിരന്തരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം ആരോപിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചിയില്‍ കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം. അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. അന്വേഷണം നടത്തി പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കാന്‍സര്‍ അതിജീവിത കൂടിയായ ജോളി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ഓഫീസിലെ അഴിമതി ചൂണ്ടികാട്ടിയതിന് ജോളിയെ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ നിരന്തരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം ആരോപിച്ചിരുന്നു. ജോളിയുടെ സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും.

ജോളി മധുവിന്റെ മരണത്തിന് കാരണം കടുത്ത മാനസിക സമ്മര്‍ദ്ദം എന്നാണ് ബന്ധുക്കളുടെ പരാതി. 30 വര്‍ഷം സര്‍വീസ് ഉള്ള ജോളിക്ക് അര്‍ബുദ അതിജീവിത എന്ന പരിഗണന പോലും നല്‍കാതെയാണ് ആന്ധ്രപ്രദേശിലേക്ക് സ്ഥലം മാറ്റിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ഥിര ചികിത്സ ആവശ്യമുള്ളതിനാല്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് പലതവണ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും അതൊന്നും അംഗീകരിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത് അയച്ചു. ഇതിന് പിന്നാലെയാണ് തൊഴില്‍ പീഡനം തുടങ്ങിയത് എന്നാണ് ആരോപണം.

ഓഫീസ് സെക്രട്ടറിക്കും ചെയര്‍മാനും എതിരെ നല്‍കിയ പരാതി പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കാം എന്ന വാഗ്ദാനം നല്‍കിയിരുന്നു. മാപ്പപേക്ഷ നല്‍കാന്‍ സാധിക്കില്ല എന്ന് മറുപടി തയ്യാറാക്കുന്നതിനിടെയായിരുന്നു ജോളി മസ്തിഷക രക്തസ്രാവത്തെ തുടര്‍ന്ന് കുഴഞ്ഞു വീണതെന്നും ബന്ധുക്കള്‍ പറഞ്ഞു.

ചെയര്‍മാന്‍ വിപുല്‍ ഗോയലും സെക്രട്ടറി ജെ.കെ ശുക്ലയ്യും ജോളി തയ്യാറാക്കുന്ന നോട്ടുകളില്‍ തിരുത്തലുകള്‍ നടത്തുകയും സ്ഥിരമായി അനാവശ്യ ഫയലുകളില്‍ ഒപ്പിടീക്കാറുള്ളാതായും ബന്ധുക്കള്‍ ആരോപിക്കുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ജോളി കോമയില്‍ ആയിരുന്നപ്പോഴാണ് ശമ്പളം തിരികെ നല്‍കുകയും ട്രാന്‍സ്ഫര്‍ ഉത്തരവു പിന്‍വലിക്കുകയും ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

SCROLL FOR NEXT