സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഗവർണർ പദവികളിൽ അഴിച്ചുപണിക്ക് കേന്ദ്രം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഉത്തർപ്രദേശ്, കേരളം, ജമ്മു കശ്മീർ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ദാദർ എന്നിവിടങ്ങളിൽ ചുമതലയുള്ള ഗവർണർമാർ ഇതിനോടകം മൂന്നോ അഞ്ചോ വർഷങ്ങൾ പിന്നിട്ട സാഹചര്യത്തിലാണ് പുനഃസംഘടനയെക്കുറിച്ച് ആലോചിക്കുന്നത്.
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ അഞ്ച് വർഷത്തിലേറെയായി ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ചുമതല വഹിക്കുന്നു. നിലവില്‍ ആന്‍ഡമാന്‍ നിക്കോബാറിന്റെ ലഫ്. ജനറലായ ദേവേന്ദ്ര കുമാര്‍ ജോഷിക്ക് കേരളത്തിന്റേയോ ജമ്മു കശ്മീരിന്റേയോ ചുമതല നല്‍കിയേക്കുമെന്നാണ് സൂചന. നാവികസേന മുന്‍ മേധാവി കൂടിയാണ് ദേവേന്ദ്ര കുമാര്‍ ജോഷി.
അതേ സമയം ജമ്മു കശ്മീരിൽ, എൽജി മനോജ് സിൻഹ നാല് വർഷത്തിലേറെയായി അധികാരത്തിൽ തുടരുന്നു.സിൻഹയ്ക്ക് പകരം ആർഎസ്എസുമായി അടുത്ത ബന്ധമുള്ള, നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിച്ച ബി.ജെ.പി മുൻ ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് വരാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Also Read; നിയമവിരുദ്ധ നടപടികളിൽ ആശങ്ക; വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണികളിൽ പ്രതികരിച്ച് രാം മോഹൻ നായിഡു
കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ടും ഗുജറാത്തിലെ ഗവർണർ ആചാര്യ ദേവ്രത്തും മൂന്നു വർഷത്തിലേറെയായി സ്ഥാനത്ത് തുടരുന്നു. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയും, ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയയും ഇതിനോടകം കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്. യുപി ഗവർണർ ആനന്ദിബെൻ പട്ടേലും അഞ്ച് വർഷം പൂർത്തിയാക്കി. തമിഴ്നാട്ടിൽ നിന്നുള്ള ആർ.എൻ.രവി മൂന്നു വർഷത്തിലേറെയായി ചുമതലയിൽ തുടരുകയാണ്. ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ മാറ്റങ്ങൾ വരുമെന്നാണ് സൂചന.
ജമ്മു കശ്മീരിലും ഹരിയാനയിലും പുതിയ സർക്കാരുകളുടെ രൂപീകരിച്ചതിന് ശേഷമോ, മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമോ പുനഃസംഘടന നടന്നേക്കുമെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.