NEWSROOM

ഓപ്പറേഷൻ സിന്ദൂർ: നാളെ സർവകക്ഷി യോഗം വിളിച്ച് കേന്ദ്ര സർക്കാർ

പാർലമെന്റിലെ ലൈബ്രറി കെട്ടിടത്തിൽ രാവിലെ 11 മണിക്കാണ് യോഗം ചേരുക

Author : ന്യൂസ് ഡെസ്ക്


ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ നാളെ സർവകക്ഷി യോഗം വിളിച്ച് കേന്ദ്ര സർക്കാർ. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉൾപ്പടെയുള്ള കോൺ​ഗ്രസ് നേതാക്കളും യോ​ഗത്തിൽ പങ്കെടുക്കും. പാർലമെന്റിലെ ലൈബ്രറി കെട്ടിടത്തിൽ രാവിലെ 11 മണിക്കാണ് യോഗം ചേരുക.

അതേസമയം, പാക് ഷെല്ലാക്രമണമുണ്ടായ അതിർത്തിമേഖലകളില്‍ ഷെല്‍ട്ടർ ക്യാംപുകള്‍ തുറന്ന് ഇന്ത്യ. പൂഞ്ച് ജില്ലയില്‍ ഒൻപത് ഷെല്‍ട്ടർ ക്യാംപുകളാണ് തുറന്നത്. പ്രദേശവാസികളെ മാറ്റി താമസിപ്പിക്കുന്നതിനാണ് സജ്ജീകരണം. നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

പഹൽഗാം ആക്രമണത്തിന് ഇന്ത്യ പ്രതികാരം ചെയ്തുവെന്നാണ് ഇന്ത്യൻ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചത്. ഓപ്പറേഷൻ സിന്ദൂറിലൂടെ സേനകൾ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യ വിനിയോഗിച്ചത് പ്രതികരിക്കാനുള്ള അവകാശമാണ്. കൃത്യതയോടെയായിരുന്നു സേനയുടെ തിരിച്ചടി. പാകിസ്ഥാൻ പൗരന്മാരെയോ, ജനവാസ മേഖലയോ ഇന്ത്യ ലക്ഷ്യം വച്ചില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.

SCROLL FOR NEXT