NEWSROOM

സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുന്ന സംസ്ഥാനങ്ങൾക്ക് തിരിച്ചടി; കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട്

2026-27 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നുമാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്


കേന്ദ്ര നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട്. സാമ്പത്തിക വിദഗ്ധൻ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള സമിതി, 16ാം ധനകാര്യ കമ്മീഷന് മുന്നിൽ ഇതു സംബന്ധിച്ച് ശുപാർശകൾ സമർപ്പിക്കും. ഒക്ടോബർ 31-നകം ധനകാര്യ കമ്മീഷൻ കേന്ദ്രത്തിന് ശുപാർശ നൽകും. 2026-27 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നുമാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.


നിലവിലെ നികുതി വിഹിതം 41 ൽ നിന്ന് 40 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ശുപാർശ ചെയ്യുക. മാർച്ച് അവസാനത്തോടെ കേന്ദ്രമന്ത്രിസഭ നിർദേശത്തിന് അംഗീകാരം നൽകുമെന്നാണ് സൂചന. തുടർന്നായിരിക്കും ധനകാര്യ കമ്മീഷന് അയയ്ക്കുക. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം ഒരു ശതമാനം കുറയുമ്പോൾ 35000 കോടി രൂപയുടെ അധിക വരുമാനം കേന്ദ്രത്തിനുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.


മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 4.8 ശതമാനമാണ് 2024-25 ലെ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി. സംസ്ഥാനങ്ങൾക്ക് ദേശീയ ജിഡിപിയുടെ 3.2% ധനക്കമ്മിയുണ്ട്. സമ്പദ്‌വ്യവസ്ഥയിലെ മൊത്തം സർക്കാർ ചെലവിന്റെ 60% ത്തിലധികം പങ്ക് സംസ്ഥാനങ്ങളാണ് വഹിക്കുന്നത്.

നികുതി വിഹിതം കുറയ്ക്കുന്നത് ബിജെപിയിതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധങ്ങൾ ഉയരാൻ ഇടയാക്കും. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 41 ൽ നിന്ന് 50 ശതമാനമായി ഉയർത്താൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കെയാണ് ഈ നടപടി. 1980 ന് മുൻപ് സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം 20 ശതമാനമായിരുന്നു. പിന്നീടാണ് 41 ശതമാനമായി വർധിപ്പിച്ചത്.

SCROLL FOR NEXT