വഖഫ് ഭേദഗതി ബില്‍ പാസാക്കാന്‍ തിരക്കിട്ട നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നവംബര്‍ 25ന് തുടങ്ങുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്‍ അവതരണം ലോക്സഭാ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തി.
ബില്‍ അവതരണം ലോക്സഭാ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വഖഫ് ഭേദഗതി സംബന്ധിച്ച ജെ.പി.സി റിപ്പോര്‍ട്ടും ശുപാര്‍ശയും ഈ മാസം 28ന് ലോക്സഭയുടെ മേശപുറത്ത് വെക്കും. ഓഗ്‌സ്‌ററ്റ് 8 നാണ് ലോക്‌സഭയില്‍ വഖഫ് ഭേദഗതി അവതരിപ്പിച്ചത്. എന്നാല്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് അടുത്ത ദിവസം ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി)ക്ക് വിടുകയായിരുന്നു.
അതേസമയം സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ നിന്ന് രാജിവെക്കുമെന്ന ഭീഷണിയുമായി പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. സമിതിയിലെ ബിജെപി അംഗമായ സമിതി അധ്യക്ഷന്‍ ജഗദാംബിക പാല്‍ സമിതിയുടെ യോഗ തീയതികളും വിവിധ കക്ഷികളെ കേള്‍ക്കുന്നതിനുള്ള തീയതികളും ഏകപക്ഷീയമായി എടുക്കുകയാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചു.
ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ലഘൂകരിച്ച് ബില്‍ പാസാക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. നിയമത്തിലെ ഭേദഗതികള്‍ സംബന്ധിച്ച ആശങ്കകള്‍ അവതരിപ്പിക്കാന്‍ മതിയായ സമയം അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി ബഹിഷ്‌ക്കരിക്കുമെന്നും എംപിമാര്‍ വ്യക്തമാക്കി. സമിതിയുടെ അധ്യക്ഷ ജഗദാംബിക പാല്‍ നടപടിക്രമങ്ങള്‍ ബുള്‍ഡോസര്‍ ചെയ്യുകയാണെന്നും എംപിമാര്‍ ആരോപിച്ചു.