NEWSROOM

ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് യാത്രാ വിലക്കുമായി കേന്ദ്രം; ജനാധിപത്യത്തോടുള്ള അവഗണനയെന്ന് വി.ശിവദാസൻ എംപി

ജനാധിപത്യത്തോടുള്ള അവഗണനയാണിത്. വസ്തുതകള്‍ വിളിച്ച് പറയാന്‍ ആരെയും അനുവദിക്കില്ല എന്നതാണ് ഇതിന്റെ സന്ദേശം.

Author : ന്യൂസ് ഡെസ്ക്

പാര്‍ലമെന്റംഗങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാൻ വി ശിവദാസൻ എം.പിക്ക് യാത്രാ വിലക്കുമായി കേന്ദ്ര സർക്കാർ. വെനസ്വേലയിലേക്ക് നാളെ പുറപ്പെടാനിരിക്കെയാണ് വിദേശ മന്ത്രാലയം അനുമതി നിഷേധിച്ചത്. ജനാധിപത്യ രാജ്യത്ത് ഇത്തരം തീരുമാനം പാടില്ലാത്തതാണെന്ന് ശിവദാസന്‍ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. യാതൊരു കാരണവുമില്ലാതെയാണ് അനുമതി നിഷേധിച്ചതെന്നും എല്ലാവര്‍ക്കും വരാവുന്ന ഭീഷണിയാണിതെന്നും ശിവദാസന്‍ പറഞ്ഞു.വിഷയത്തില്‍ വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെനസ്വേലയുടെ വൈസ് പ്രസിഡന്റാണ് തന്നെ ക്ഷണിച്ചതെന്നും ശിവദാസന്‍ പറഞ്ഞു. വിസയും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതാണെന്നും യാത്രാച്ചെലവ് സംഘാടകരാണ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി."ജനാധിപത്യം, നീതി, സമത്വം എന്നിവ നമ്മുടെ സമൂഹത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളായി തുടരുന്നു" എന്ന് ഉറപ്പുവരുത്തുന്നതിനുള്ള അന്താരാഷ്ട്ര പാർലമെൻ്ററി നടപടികളെ സമ്മേളനം ശക്തിപ്പെടുത്തുമെന്ന് ക്ഷണത്തിൽ പറയുന്നു.

'ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ വെനസ്വേലയുടെ ക്ഷണം നിരസിച്ചിട്ടില്ല. ജനാധിപത്യത്തോടുള്ള അവഗണനയാണിത്. വസ്തുതകള്‍ വിളിച്ച് പറയാന്‍ ആരെയും അനുവദിക്കില്ല എന്നതാണ് ഇതിന്റെ സന്ദേശം. ജനാധിപത്യ പരിപാടികള്‍ തടയുന്നത് പ്രതിഷേധാര്‍ഹമാണ്. ആര്‍എസ്എസ്- ബിജെപി പൊളിറ്റിക്‌സിന്റെ ഭാഗമായിട്ടാണ് യാത്രാനുമതി നിഷേധിച്ചത്' എന്നായിരുന്നു എംപിയുടെ പ്രതികരണം.

നവംബർ 4-6 തീയതികളിൽ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ നടക്കുന്ന 'ഫാസിസം, നിയോ ഫാസിസം, സമാന പ്രകടനങ്ങൾക്കെതിരായ ലോക പാർലമെൻ്ററി ഫോറം' എന്ന പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന സർക്കാർ തീരുമാനം ആർഎസ്എസ്-ബിജെപി വിരുദ്ധത ഒരിക്കൽ കൂടി തുറന്നുകാട്ടിയെന്ന് കേരള എംപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

SCROLL FOR NEXT