വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ മൂന്ന് മാസത്തിനകം സർവീസ് തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കോച്ചുകളുടെ നിർമാണം പൂർത്തിയായെന്നും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് യാത്രാക്കാർക്കായി ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ ബിഇഎംഎല്ലിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയതിനിടെയായിരുന്നു റെയിൽവേ മന്ത്രിയുടെ പ്രതികരണം.
160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന സ്ലീപ്പർ ട്രെയിനിൽ എസി കംപാർട്ട്മെൻ്റുകളുൾപ്പെടെ 16 കോച്ചുകളാണ് ഉണ്ടാവുക. ആകെ 823 ബെർത്തുകളുണ്ടാവും. ഓരോ ബെർത്തിലും റീഡിങ്ങ് ലൈറ്റ്, ചാർജ് ചെയ്യുന്നതിനായി സോക്കറ്റ്, മൊബൈൽ വെക്കാനും പുസ്തകം വായിക്കാനുള്ള സൗകര്യം, സ്നാക് ടേബിൾ തുടങ്ങിയവ സജ്ജമാക്കുമെന്നും റെയിൽവേ വ്യക്തമാക്കി.
പൂർണമായും യൂറോപ്യൻ നിലവാരത്തിൽ തയ്യാറാക്കുന്ന കോച്ചുകൾ യാത്രക്കാർക്ക് ലോകോത്തര നിലവാരത്തിലെ യാത്രാനുഭവം നൽകുമെന്നാണ് അധികൃതർ പറയുന്നത്. ട്രെയനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത് ഒഴിവാക്കാൻ 'കവച്' സംവിധാനവും ട്രെയിനിലുണ്ട്. സെന്‍സര്‍ വാതിലുകളും പരിസ്ഥിതിക്ക് ഇണങ്ങുന്ന ശുചിമുറിയുമാകും സ്ലീപ്പറിലുണ്ടാവുകയെന്നും അധികൃതർ വ്യക്തമാക്കി.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷ, പ്രത്യേക സൗകര്യങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ശ്രദ്ധിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള വന്ദേ ചെയർ കാർ, വന്ദേ സ്ലീപ്പർ, വന്ദേ മെട്രോ, അമൃത് ഭാരത് ട്രെയിനുകൾ ലോകത്തെ ഏറ്റവും മികച്ച ട്രെയിനുകളുമായി താരതമ്യം ചെയ്യാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇടത്തരക്കാർക്കുള്ള ഗതാഗത മാർഗം എന്നനിലയിൽ യാത്രാനിരക്കു താങ്ങാനാവുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.