NEWSROOM

മുതലപ്പൊഴിക്ക് ആശ്വാസ വാർത്ത; ഫിഷിംഗ് ഹാർബറിനായി 177 കോടി അനുവദിച്ച് കേന്ദ്രം

ഹാർബറിന് 415 ബോട്ടുകൾ ഉൾക്കൊള്ളാനാവുമെന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്



തിരുവനന്തപുരം മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകി കേന്ദ്ര നടപടി. മുതലപ്പൊഴി ഫിഷിംഗ് ഹാർബറിന് കേന്ദ്രാനുമതി ലഭിച്ചു. 177 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും ഹാർബറിന് 415 ബോട്ടുകൾ ഉൾക്കൊള്ളാനാവുമെന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അറിയിച്ചു. ഇതോടെ മുതലപ്പൊഴിയിലെ അപകടങ്ങളുടെ തുടർക്കഥ അവസാനിക്കുമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ പ്രതീക്ഷ.

ഹാർബർ പദ്ധതി കഴിഞ്ഞ ദിവസം കേന്ദ്ര ഫിഷറീസ് അനിമൽ ഹസ്ബൻഡറി ഡയറീസ് മന്ത്രാലയത്തിനുകീഴിലുള്ള ടെക്‌നിക്കൽ കമ്മിറ്റി അംഗീകരിച്ചിരുന്നു. മൊത്തം പദ്ധതിച്ചെലവിൻ്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്നവിധത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം ഡിസംബറോടെ പദ്ധതിയുടെ ടെൻ‍ഡർ നടപടികളിലേക്ക് കടക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇന്റേണൽ ടെക്‌നിക്കൽ കമ്മിറ്റി പദ്ധതിക്ക് നേരത്തെ അംഗീകാരം നൽകിയിരുന്നു. പുലിമുട്ടുകളുടെ നീളംകൂട്ടൽ, റിമോട്ട് കൺട്രോൾ ബോയകൾ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള വികസന പദ്ധതികളുടെ ഓരോ ഘടകത്തിൻമേലും സംസ്ഥാന സർക്കാർ വെവ്വേറെ ടെൻഡറുകൾ കേന്ദ്രത്തിന് നൽകും.

മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ പദ്ധതി രൂപീകരിച്ചത്. മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമാണം മൂലമുണ്ടാകുന്ന അപകടങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദേശം നൽകാൻ പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ (CWPRS) ചുമതലപ്പെടുത്തിയിരുന്നു. CWPRS നൽകിയ പഠന റിപ്പോർട്ടിൻമേൽ ഹാർബർ എൻജിനിയറിങ് വിഭാഗം തയ്യാറാക്കിയ ഡിപിആർ കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

മുതലപ്പൊഴിയിൽ അപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് വാട്ടറിന്റെ നീളം 425 മീറ്റർ വർദ്ധിപ്പിക്കുക, മണൽ ബൈപാസിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക എന്നീ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. മുതലപ്പൊഴി വികസനത്തിന്റെ ഭാഗമായി പുതിയ വാർഫ്, ലേലഹാൾ, വിശ്രമകേന്ദ്രങ്ങൾ, വാട്ടർ ടാങ്കുകൾ, റോഡുകളുടെയും പാർക്കിംഗ് കേന്ദ്രങ്ങളുടെയും വികസനം, ജല - വൈദ്യുതി ലഭ്യത ഉറപ്പാക്കൽ തുടങ്ങിയവയും സർക്കാർ ഏറ്റെടുക്കും.

മുതലപ്പൊഴിയുടെ ചരിത്രം

തിരുവനന്തപുരം ജില്ലയില്‍ തീരപ്രദേശമായ പെരുമാതുറയിലെ ഒരു പൊഴിയാണ് മുതലപ്പൊഴി. ഈ പൊഴിയിലൂടെയാണ് വാമനപുരം പുഴ കഠിനംകുളം കായല്‍ വഴി കടലില്‍ പതിക്കുന്നത്. ശംഖുമുഖം-വേളി-തുമ്പ റോഡ് നേരെ ചെന്നെത്തുന്നത് മുതലപ്പൊഴിയിലാണ്. 2004 മുതൽ നിരവധി അപകടമരണങ്ങളാണ് മുതലപ്പൊഴിയിലുണ്ടായത്. ഏകദേശം നാലുവർഷം മുൻപ് മുതലപ്പൊഴി ഫിഷിംഗ് ഹാർബർ ഇന്നത്തെ രൂപത്തിലേക്ക് മാറി. ഹാര്‍ബര്‍ സുരക്ഷിതമാണെന്നും ഇനി അപകടമരണമുണ്ടാകില്ലെന്നുമായിരുന്നു അന്നത്തെ ഫിഷറീസ് മന്ത്രിയുടെ പ്രഖ്യാപനം.

എന്നാൽ വീണ്ടും നിരവധി അപകടങ്ങൾക്ക് മുതലപ്പൊഴി സാക്ഷിയായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടൊപ്പം മുതലപ്പൊഴി ഫിഷിംഗ് ഹാർബറിന്റെയും വികസനം നടപ്പാക്കുമെന്ന അദാനി ഗ്രൂപ്പിൻ്റെ വാഗ്ദാനം വെറും വാക്കായി. മുതലപ്പൊഴി അവഗണനയിൽ തുടർന്നു. ഇതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സംഘടനകളും നാട്ടുകാരും നടത്തിയ  സമരങ്ങളുടെ വിജയം കൂടിയാണിത്.

ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളില്‍പ്പെട്ട് ബോട്ടുകളുടെ നിയന്ത്രണം തെറ്റുന്നതാണ് പ്രധാന അപകടകാരണം. തിരയുടെ ശക്തിയില്‍പ്പെട്ട് ബോട്ട് പൊഴിയുടെ ഇരുഭാഗത്തുമുള്ള പാറക്കല്ലിലും ടെട്രോപാഡിലും ഇടിച്ച് തകരും. പാറക്കല്ലുകളില്‍ തലയിടിച്ചാണ് ഏറെയും മരണം സംഭവിക്കുന്നത്. അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്നായിരുന്നു മന്ത്രി സജി ചെറിയാൻ്റെ വിശദീകരണം. കഴിഞ്ഞ വർഷങ്ങളിലായി മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടങ്ങളിൽ എഴുപതോളം മത്സ്യത്തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്.



SCROLL FOR NEXT