ഉത്സവ സീസണിലുണ്ടാകുന്ന ടിക്കറ്റ് നിരക്ക് വർധനവിൽ എയർലൈൻ കമ്പനികള്‍ക്ക് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഉത്സവ സീസണിൽ എയർലൈൻ ടിക്കറ്റ് നിരക്കുകൾ പലപ്പോഴും വർധിക്കുന്നതിനാൽ, എല്ലാ വിമാനക്കമ്പനികളുടെയും ടിക്കറ്റ് നിരക്ക് ഞങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് എല്ലാ വിമാനക്കമ്പനികളോടും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്സവ സീസണിൽ എല്ലാവരും നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നതിനാൽ ടിക്കറ്റ് നിരക്ക് വളരെയധികം വർധിപ്പിക്കരുതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
അവധിക്കാലത്ത് ടിക്കറ്റിന് ഡിമാൻഡുണ്ടാകാറുണ്ട്. ഇത് ടിക്കറ്റ് നിരക്കുകൾ ഗണ്യമായി ഉയർത്തുന്നതാണ് പതിവ്. വ്യോമയാന മേഖല ഇതിനകം തന്നെ പ്രക്ഷുബ്ധത നേരിടുന്ന സമയത്താണ് നിരക്ക് വർധനവ് ഉണ്ടാകുന്നത്. ഇന്ത്യ റീജിയണൽ എയർ മൊബിലിറ്റി കോൺഫറൻസിനിടെയാണ് നായിഡു ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. ഇന്ത്യൻ വ്യോമയാനത്തിൻ്റെ ഭാവിയിലേക്കുള്ള സർക്കാരിൻ്റെ പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.
ആഭ്യന്തര വിമാനക്കമ്പനികൾ ഇതിനകം 1,200-ലധികം പുതിയ വിമാനങ്ങൾ ഓർഡർ ചെയ്‌തിട്ടുണ്ടെന്നും ഇന്ത്യയെ ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. "2035ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന വിപണിയാകും. ഈ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി അടുത്ത 10-20 വർഷത്തിനുള്ളിൽ 350-400 പുതിയ വിമാനത്താവളങ്ങൾ നിർമിക്കാൻ പദ്ധതിയിടുന്നതായും നായിഡു പറഞ്ഞു. അടിസ്ഥാന സൗകര്യമേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുകയാണ്. നാളത്തെ വ്യോമയാന വിപണിക്ക് ഇന്ന് അടിത്തറ പാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.