ദേശീയ വനിതാ കമ്മീഷൻ്റെ പുതിയ അധ്യക്ഷയായി വിജയ കിഷോര്‍ രഹത്കറിനെ നിയമിച്ചു. ബിജെപി മഹിളാ മോർച്ച മുൻ അധ്യക്ഷയും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ്റെ മുൻ ചെയർപേഴ്‌സണുമായിരുന്നു വിജയ കിഷോര്‍ രഹത്കർ. 1990-ലെ ദേശീയ വനിതാ കമ്മീഷൻ ആക്ടിൻ്റെ സെക്ഷൻ 3 പ്രകാരം നടത്തിയ നിയമനം മൂന്ന് വർഷത്തേക്കോ അല്ലെങ്കിൽ അവർക്ക് 65 വയസ്സ് തികയുന്നത് വരെയോ ആയിരിക്കും.
രഹത്കറുടെ നിയമനത്തിന് പുറമേ, എൻസിഡബ്ല്യുവിലേക്ക് പുതിയ അംഗങ്ങളെയും സർക്കാർ നിയമിച്ചിട്ടുണ്ട്. വനിതാ ശിശു വികസന മന്ത്രാലയത്തിൻ്റെ വിജ്ഞാപനം പ്രകാരം ഡോ. അർച്ചന മജുംദാറിനെ മൂന്ന് വർഷത്തേക്ക് ദേശീയ വനിതാ കമ്മീഷൻ അംഗമായി ഔദ്യോഗികമായി നിയമിച്ചു.
ALSO READ: ലബനന് ഇന്ത്യയുടെ സഹായം; 11 ടൺ മെഡിക്കൽ ഉല്‍പ്പന്നങ്ങള്‍ അയച്ചു, തീരുമാനം 33 ടണ്‍ നല്കാന്
നിലവിൽ ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ സെക്രട്ടറിയും പാർട്ടിയുടെ രാജസ്ഥാൻ ഘടകത്തിൻ്റെ കോ-ഇൻ ചാർജും വഹിക്കുന്നയാളാണ് വിജയ കിഷോര്‍ രഹത്കര്‍. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ബിജെപിക്കുള്ളിൽ നിരവധി പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിജെപിയുടെ മുൻനിര രാഷ്ട്രീയക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന രഹത്കർ, പൂനെ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ബിരുദവും നേടി.
മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിൽ നിന്നുള്ളയാളാണ് രഹത്കർ. 1995-ൽ ബൂത്ത് വർക്കറായാണ് ബിജെപിയിൽ ചേരുന്നത്. 2000 മുതൽ 2010 വരെ ഔറംഗബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു.
കൂടാതെ 2007 മുതൽ 2010 വരെ ഔറംഗബാദിൻ്റെ മേയറായും തെരഞ്ഞെടുക്കപ്പെട്ടു. മേയറായിരിക്കെ ദേശീയ മേയർ കൗൺസിലിൻ്റെ വൈസ് പ്രസിഡൻ്റും മഹാരാഷ്ട്ര മേയേഴ്‌സ് കൗൺസിൽ പ്രസിഡൻ്റുമായിരുന്നു. 2014ൽ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ അധ്യക്ഷയാകുന്നതിന് മുമ്പ് 2010 മുതൽ 2014 വരെ രണ്ട് തവണ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.