സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ വിനോദ്‌ 
NEWSROOM

'ചെയർമാൻ ചെയ്ത കുറ്റം സർക്കാരിന് ഏറ്റെടുക്കാനാകില്ല'; കെഎസ്ഇബിയെ തള്ളി സിപിഎം നേതാവ്

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മുക്കം തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫീസ് ആക്രമണ കേസിലെ പ്രതിയായ അജ്‌മലിൻ്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിഛേദിച്ചത്

Author : ന്യൂസ് ഡെസ്ക്

വൈദ്യുതി കണക്ഷൻ വിഛേദിച്ച സംഭവത്തിൽ കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകറിനെ തള്ളി സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ. വിനോദ്‌. ബിജു പ്രഭാകർ ചെയ്ത കുറ്റം സർക്കാരിന് ഏറ്റെടുക്കാൻ ആകില്ലെന്നും സർക്കാർ ഇത് അംഗീകരിക്കുന്നില്ലെന്നും വിനോദ് പറഞ്ഞു. കെഎസ്ഇബി വിഷയത്തിൽ എൽഡിഎഫ് തിരുവമ്പാടിയിൽ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരാൾ അക്രമം നടത്തിയാൽ അവരുടെ കണക്ഷൻ വിഛേദിക്കുന്ന രീതി അംഗീകരിക്കില്ലെന്നും വിനോദ് ചൂണ്ടികാട്ടി.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മുക്കം തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫീസ് ആക്രമണ കേസിലെ പ്രതിയായ അജ്‌മലിൻ്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിഛേദിച്ചത്. ഇതോടെ അജ്‌മലിൻ്റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയ കുടുംബത്തിൻ്റെ ആവശ്യം കെഎസ്ഇബിക്ക് ഗത്യന്തരമില്ലാതെ അംഗീകരിക്കേണ്ടി വരികയായിരുന്നു. ഉപാധികൾ ഇല്ലാതെ തന്നെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാമെന്ന കളക്ടറുടെ തീരുമാനത്തെ തുടർന്നാണ് പുനസ്ഥാപനത്തിന് കെഎസ്ഇബി തയാറായത്.

സംഭവത്തിൽ അജ്മലിൻ്റെ മാതാവിൻ്റെ പരാതിയിൽ കെഎസ്ഇബി ലൈൻമാൻ പ്രശാന്ത്, അനന്ദു എന്നിവർക്കെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. അന്യായമായി തടഞ്ഞുവെക്കൽ, മനഃപൂർവം പരുക്കേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയൽ, സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് ജീവനക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ ജീവനക്കാർക്ക് സുരക്ഷ ഒരുക്കുമെന്ന കുടുംബത്തിന്‍റെ ഉറപ്പിന്മേലാണ് കെഎസ്ഇബി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതെന്നും കുടുംബത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും കെഎസ്ഇബി അറിയിച്ചു.




SCROLL FOR NEXT