NEWSROOM

വടക്കൻ കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തീരദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം

കേരള തീരത്ത്‌ ശനിയാഴ്ച വരെ ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

Author : ന്യൂസ് ഡെസ്ക്

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് പലയിടത്തും  മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് മഴ ലഭിക്കാൻ സാധ്യത. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട്, മാഹി എന്നിവിടങ്ങളിൽ തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കേരള തീരത്ത്‌ ശനിയാഴ്ച വരെ ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

അതേസമയം ഇന്ന് ഇന്നുച്ചയോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. മഴയോടൊപ്പം കാറ്റും ശക്തമായത്തോടെ നാശ നാശനഷ്ടത്തിന്റെ തീവ്രത വർധിച്ചു. പാലക്കാടും വയനാടും കോഴിക്കോടുമാണ് മഴ കൂടുതൽ നാശം വിതച്ചത്. പാലക്കാട് ചെർപ്പുളശ്ശേരിയിലും കല്ലടിക്കോട് മണിക്കശ്ശേരിയിലും വീടിന് മുകളിലേക്ക് മരം വീണ് 6 പേർക്ക് പരിക്കേറ്റു. മലമ്പുഴയിലെ വിവിധയിടങ്ങളിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. കാഞ്ഞിരപ്പുഴയിൽ ജലസേചന വകുപ്പിന് കീഴിലെ വാഹനത്തിന് മുകളിൽ മരം കടപുഴകി വീണു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അട്ടപ്പാടി രണ്ടാം വളവ് ചുരത്തിൽ വൻമരം വീണു ദീർഘനേരം ഗതാഗതം തടസപ്പെട്ടു.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടായി. ശക്തമായ കാറ്റിൽ കുറ്റ്യാടി, നാദാപുരം, താമരശേരി മേഖലകളിൽ വ്യാപക നാശനഷ്ട്ം ഉണ്ടായി. നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ലൈനുകൾ തകർന്നു. വയനാട്ടിൽ ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര പറന്നുപോയി. ഇന്ന് എട്ട് ജില്ലകളിൽ ആണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

SCROLL FOR NEXT