ഗുജറാത്തിൽ ചാന്ദിപുര വൈറസ് അണുബാധയെ തുടർന്ന് ആറ് കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചതായി റിപ്പോർട്ട് പുറത്ത്. ഇതുവരെ 12 ഓളം സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ചികിത്സ തേടിയിട്ടുള്ളത്. കൂടാതെ രാജസ്ഥാനിൽ നിന്നും മധ്യപ്രദേശിൽ നിന്നും ഒരാൾ വീതവുമാണ് രോഗബാധയെ തുടർന്ന് ചികിത്സിയിലുള്ളത്.
റാബ്‌ഡോവിറിഡേ ഇനത്തിൽ പെട്ട വൈറസാണ് ചാന്ദിപുര. ഈഡിസ് ഈജിപ്റ്റി കൊതുകളും ചാന്ദിപുര വൈറസിൻ്റെ വാഹകരായി കണക്കാക്കപ്പെടുന്നു. വൈറസ് മൂലമുണ്ടാകുന്ന അണുബാധ കേന്ദ്ര നാഡീവ്യൂഹത്തിലേക്ക് വ്യാപിച്ച് മരണം സംഭവിക്കും.
പനി, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ചാന്ദിപുര വൈറസ് അണുബാധ പ്രകടമാകുന്നത്. രോഗം സ്ഥിരീകരിച്ച് 24 മുതൽ 48 മണിക്കൂറിനുള്ളിൽ മരണത്തിലേക്ക് നയിച്ചേക്കാം. ഇന്ത്യയിൽ നിന്നുള്ള മുൻകാല പഠനങ്ങളിൽ ശ്വാസതടസ്സം, രക്തസ്രാവം, വിളർച്ച തുടങ്ങിയ മറ്റ് ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.