തെലുങ്കു ദേശം പാർട്ടി (ടിഡിപി) നേതാവ് എൻ ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സഖ്യകക്ഷിയായ ജനസേന പാർട്ടി നേതാവ് പവൻ കല്യാണാണ് ഉപമുഖ്യമന്ത്രി.ചന്ദ്രബാബു നായിഡുവിൻ്റെ മകൻ എൻ ലോകേഷ് നായിഡു ഉൾപ്പെടെ 24 മന്ത്രിമാർ മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്തു. കൃഷ്ണാ ജില്ലയിലെ ഗന്നവാരത്ത് കേസരപള്ളി ഐടി പാർക്കിന് സമീപത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നദ്ദ, നിതിൻ ഗഡ്കരി തുടങ്ങിയ ബിജെപി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 175ൽ 164 സീറ്റുകളും നേടിയാണ് ടിഡിപി, ബിജെപി, ജനസേന എന്നീ പാർട്ടികളടങ്ങുന്ന സഖ്യം ഭരണത്തിലെത്തിയത്.
രാജ്യമെങ്ങും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിൽ നിൽക്കുന്ന മേയ് മാസത്തിലായിരുന്നു ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ടിഡിപിയും ബിജെപിയും ജനസേന പാർട്ടിയും ഒന്നിച്ചതോടെ ഭരണത്തിലിരുന്ന വൈഎസ്ആർ പാർട്ടി വമ്പൻ പരാജയം നേരിട്ടു. അധികാരത്തിലെത്തിയിട്ടേ ഇനി നിയമസഭയിൽ കാലുകുത്തു എന്ന് ശപഥമെടുത്തുകൊണ്ടായിരുന്നു പ്രതിപക്ഷനേതാവായിരുന്ന ചന്ദ്രബാബു നായിഡു നിയമസഭയിൽ നിന്നും ഇറങ്ങിയത്. ഭാര്യയെ കുറിച്ച് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിലെ അംബാടി ബാബു നടത്തിയ പരാമർശമായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചത്. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയത്തിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിലും സീറ്റുകൾ വാരി ചന്ദ്രബാബു നായിഡു പ്രതികാരം വീട്ടി .
ചൊവ്വാഴ്ച വിജയവാഡയിൽ നടന്ന യോഗത്തിൽ ജനസേന നേതാവ് പവൻ കല്യാൺ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചന്ദ്രബാബു നായിഡുവിന്റെ പേര് നിർദേശിക്കുകയായിരുന്നു. നിർദേശം എതിരില്ലാതെ അംഗീകരിക്കപ്പെട്ടു. അധികാരത്തിലെത്തിയാൽ അമരാവതിയെ ആന്ധ്രപ്രദേശ് തലസ്ഥാനമായി മാറ്റുമെന്ന ഉറപ്പും നായിഡു മറന്നില്ല. സത്യപ്രതിജ്ഞക്ക് പിന്നാലെ അമരാവതിയെ തലസ്ഥാനമാക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു.