മുതലപ്പൊഴിയിലെ മണൽ നീക്കത്തിനായി കണ്ണൂരിൽ നിന്ന് പുറപ്പെട്ട ചന്ദ്രഗിരി ഡ്രഡ്ജർ തീരത്തെത്തി. പൊഴി തുറന്ന് വിട്ട ശേഷം ഡ്രഡ്ജർ പൊഴിയിലേക്ക് പ്രവേശിക്കും. കടലിനോട് ചേർന്നുള്ള 20 മീറ്റർ ഭാഗത്തെ മണൽ നീക്കം പുരോഗമിക്കുകയാണ്. മെയ് 15 നകം മണൽ നീക്കം പൂർത്തീകരിക്കാനാണ് തീരുമാനമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാർ പറഞ്ഞു
മൂന്ന് ദിവസത്തിനകം ഡ്രഡ്ജർ ജോലി ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. വേലിയിറക്ക സമയത്ത് ഡ്രഡ്ജർ അകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്ന് എക്സിക്യൂട്ടീവ് എഞ്ചീനിയർ അനിൽകുമാർ പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ ഡ്രഡ്ജർ പ്രവർത്തനസജ്ജമാക്കാൻ കഴിയും. മെയ് 15നകം മണൽ നീക്കം പൂർത്തീകരിക്കാനാണ് തീരുമാനമെന്നും അനിൽകുമാർ വ്യക്തമാക്കി.
കായൽ തീരത്ത് വെള്ളം കയറി ജനങ്ങൾക്ക് ഉണ്ടാകുന്ന ദുരിതത്തെ തുടർന്നാണ് പൊഴി പൂർണമായി മുറിക്കാൻ തീരുമാനമായത്. ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കം കാര്യക്ഷമമെന്ന് പരിശോധിച്ച ശേഷമേ അനിശ്ചിതകാല സമരം അവസാനിപ്പികൂവെന്ന് സമരസമിതി തീരുമാനിച്ചിരുന്നു.
പൊഴിമുറിക്കൽ, മണൽ നീക്കൽ നടപടികൾ കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചിരുന്നു. കണ്ണൂരിൽ നിന്നുള്ള ഡ്രഡ്ജർ വ്യാഴാഴ്ച തീരത്ത് എത്തിയതിനു ശേഷം പൊഴി പൂർണമായും മുറിക്കുമെന്ന് അറിയിച്ചിരുന്നു.
അതേസമയം, വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നു എന്ന് മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ കുറ്റപ്പെടുത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ചിറയിൻകീഴ് എംഎൽഎ വി. ശശിയുടെ ഓഫീസ് ആക്രമിച്ചത് രൂക്ഷഭാഷയിലാണ് മന്ത്രിമാർ വിമർശിച്ചത്. ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ചാണ് എംഎൽഎയുടെ ഓഫീസ് അടിച്ച് തകർത്തത്. പ്രശ്ന പരിഹാരത്തിന് ശ്രമിച്ചപ്പോൾ, അത് സാധ്യമാക്കാത്ത രീതിയിലുള്ള കലാപാവസ്ഥ സൃഷ്ടിച്ചുവെന്നും മന്ത്രിമാർ കുറ്റപ്പെടുത്തി.