NEWSROOM

വീണ്ടും നിയമക്കുരുക്ക്, നയന്‍താരയുടെ ഡോക്യുമെന്ററിക്കെതിരെ വക്കീല്‍ നോട്ടീസയച്ച് ചന്ദ്രമുഖി നിര്‍മാതാക്കള്‍; 5 കോടി ആവശ്യം

അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ശിവജി പ്രൊഡക്ഷന്‍സ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Author : ന്യൂസ് ഡെസ്ക്

നടി നയന്‍താരയുടെ ഡോക്യുമെന്ററിക്കെതിരെ വീണ്ടും വക്കീല്‍ നോട്ടീസ്. ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളായ ശിവജി പ്രൊഡക്ഷന്‍സാണ് നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനുമെതിരെ നോട്ടീസ് അയച്ചത്. അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ശിവജി പ്രൊഡക്ഷന്‍സ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നയന്‍താരയുടെ 'ബിയോണ്ട് ദ ഫെയരിടെയ്ല്‍' എന്ന ഡോക്യുമെന്ററിയില്‍ അനുമതിയില്ലാതെ സിനിമയിലെ രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നയന്‍താരയ്‌ക്കെതിരെ ലീഗല്‍ നോട്ടീസ് അയച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

രജനികാന്ത് നായകനായി 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രമുഖി. തമിഴില്‍ നയന്‍താരയുടെ രണ്ടാമത്തെ ചിത്രവുമായിരുന്നു ഇത്. രജനികാന്ത്, ജ്യോതിക, പ്രഭു തുടങ്ങി വന്‍ താരനിര തന്നെ അണിനിരന്ന ചിത്രത്തില്‍ നയന്‍താരയും പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചന്ദ്രമുഖിയില്‍ രജനികാന്തിന്റെ നായികയായിട്ടായിരുന്നു നയന്‍താര വേഷമിട്ടത്.

നേരത്തെ, നയന്‍താരയുടെ ഡോക്യുമെന്ററിക്കെതിരെ നടന്‍ ധനുഷിന്റെ കമ്പനിയും രംഗത്തെത്തിയിരുന്നു. ഇത് കോളിവുഡില്‍ വലിയ വിവാദമായിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ചായിരുന്നു പരാതി നല്‍കിയത്.

ചിത്രത്തിന്റെ നിര്‍മാതാവായ ധനുഷ് തടസം നിന്നതിനാലാണ് രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പ് ഡോക്യുമെന്ററിയുടെ റിലീസിനായി വേണ്ടി വന്നതെന്ന് നയന്‍താര പറഞ്ഞിരുന്നു. സംവിധായകന്‍ വിഗ്നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാവുന്നത് നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ്. അതുകൊണ്ട് തന്നെ അതിലെ ദൃശ്യങ്ങളും ബിടിഎസ് ദൃശ്യങ്ങളും വളരെ പ്രധാനപ്പെട്ടതാണെന്നും നയന്‍താര നേരത്തെ പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT