NEWSROOM

'രാഹുൽ മാങ്കൂട്ടത്തിൽ നല്ല സ്ഥാനാർഥി'; അന്തിമ തീരുമാനം പാർട്ടിയുടേതായിരിക്കും: ചാണ്ടി ഉമ്മൻ

പാർട്ടി സ്ഥാനാർഥിത്വം നിർണയിക്കുന്നതിന് മുൻപ് തന്നെ രാഹുൽ പാലക്കാട് വോട്ടഭ്യർഥിച്ചെന്ന വാർത്ത ചാണ്ടി ഉമ്മൻ പൂർണമായും തള്ളി

Author : ന്യൂസ് ഡെസ്ക്

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനായ സ്ഥാനാർഥിയാണെന്ന് ചാണ്ടി ഉമ്മൻ. അയോഗ്യരായ ആരും പാർട്ടിയിലില്ലെന്നും വിഷയത്തിൽ പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിൽ നല്ല സ്ഥാനാർഥിയാണ്. കഴിഞ്ഞദിവസവും ഡൽഹിയിൽ പോയി പാർട്ടിക്ക് വേണ്ടി തല്ലുകൊണ്ട ആളാണ്. യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷന് പാലക്കാട് എന്നല്ല എവിടെ വേണമെങ്കിലും പ്രവർത്തിക്കാമെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.

തദ്ദേശീയരെ മത്സരിപ്പിക്കണമെന്ന ഡിസിസിയുടെ ആവശ്യം ഒരു കുടുംബത്തിലെ തർക്കം മാത്രമാണ്. ആര് മത്സരിക്കണം എന്ന് പറയാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ട്. ഇതിൽ ആരും ഒരു എതിർപ്പും പറഞ്ഞിട്ടില്ല. ഒരു വീട് ആകുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകുന്നത് പോലെ പാർട്ടിയിലും അഭിപ്രായ ഭിന്നതകൾ ഉണ്ടായേക്കും. ആര് സ്ഥാനാർഥിയായാലും പാർട്ടി അവരെ വിജയിപ്പിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

അതേസമയം, പാർട്ടി സ്ഥാനാർഥിത്വം നിർണയിക്കുന്നതിന് മുൻപ് തന്നെ രാഹുൽ പാലക്കാട് വോട്ടഭ്യർഥിച്ചെന്ന വാർത്ത ചാണ്ടി ഉമ്മൻ പൂർണമായും തള്ളി. യൂത്ത് കോൺഗ്രസ് നേതാവെന്ന നിലയിൽ മാങ്കൂട്ടത്തിലിന് എവിടെ വേണമെങ്കിലും പ്രവർത്തിക്കാമെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ മറുപടി.

SCROLL FOR NEXT