NEWSROOM

ഇടുക്കി പരുന്തുംപാറയില്‍ കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ച് ചങ്ങനാശ്ശേരി സ്വദേശി

റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നല്‍കിയ ശേഷമാണ് കൈയ്യേറ്റക്കാരന്റെ നടപടി

Author : ന്യൂസ് ഡെസ്ക്

കൈയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ച് കൈയ്യേറ്റക്കാരന്‍. ഇടുക്കി പരുന്തുംപാറയിലെ റവന്യൂ ഭൂമി കയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ടിനു മുമ്പിലാണ് ചങ്ങനാശ്ശേരി സ്വദേശി കുരിശ് സ്ഥാപിച്ചത്. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നല്‍കിയ ശേഷമാണ് കൈയ്യേറ്റക്കാരന്റെ നടപടി.


കുരിശ് മറയാക്കി കൈയ്യേറ്റത്തിനുള്ള ശ്രമമാണ് പരുന്തുംപാറയിലെ കയ്യേറ്റക്കാരന്‍ സജിത് ജോസഫ് നടത്തിയത്. ഈ മാസം രണ്ടാം തീയതിയാണ് പരുന്തുംപാറ കയ്യേറ്റത്തിനു റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നല്‍കിയത്. ജില്ലാ കളക്ടര്‍ പീരുമേട് ലാന്‍ഡ് റവന്യു തഹസില്‍ദാരെയാണ് ചുമതലപ്പെടുത്തിയത്. കൈയ്യേറ്റ ഭൂമിയില്‍ നിര്‍മാണം തുടരുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നാണ് ചുമതലപ്പെടുത്തിയത്. മഞ്ഞുമല, വാഗമണ്‍, പരുന്തുംപാറ എന്നീ വില്ലേജുകളിലെ അഞ്ച് സര്‍വേ നമ്പറുകള്‍ ഉള്ള ഭൂമിയില്‍ കളക്ടര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

ഈ നിയന്ത്രണങ്ങള്‍ ഒക്കെയും കാറ്റില്‍ പറത്തിയാണ് കൈയ്യേറ്റക്കാരന്റെ കുരിശ് സ്ഥാപിക്കല്‍. കുരിശ് മറ്റെവിടെയോ നിര്‍മ്മിച്ച് കൈയ്യേറ്റ ഭൂമിയില്‍ കൊണ്ടുവന്നു സ്ഥാപിച്ചതായി ശ്രദ്ധയിപ്പെട്ടിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതില്‍ നിന്നുതന്നെ കയ്യേറ്റത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാണ്. പ്രദേശവാസികളോട് ധ്യാനകേന്ദ്രമാണ് നിര്‍മ്മിക്കുന്നതെന്നാണ് സജിത്ത് പറഞ്ഞിരുന്നത്. 2017 ല്‍ പാപ്പത്തിചോലയില്‍ സ്വകാര്യ വ്യക്തി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യൂ വകുപ്പ് നീക്കം ചെയ്തിരുന്നു. പരുന്തുംപാറയില്‍ സ്റ്റോപ്പ് മെമ്മോയും നിരോധനജ്ഞയും ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയ ആള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

SCROLL FOR NEXT