ഗംഗേശാനന്ദയ്ക്കെതിരായ പീഡനക്കേസിലെ കുറ്റപത്രം കോടതി അംഗീകരിച്ചു. നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ പിഴവുകൾ പരിഹരിച്ച പുതിയ കുറ്റപത്രമാണ് അംഗീകരിച്ചത്. ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ പിഴവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സെപ്റ്റംബര്‍ 7ന് കോടതിയില്‍ ഹാജരാകാനും ഗംഗേശാനന്ദയ്ക്ക് കോടതി സമന്‍സയച്ചിട്ടുണ്ട്. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് അംഗീകരിച്ചത്.
സ്വാമി ഗംഗേശാനന്ദ കേസില്‍ ആദ്യം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. സ്വാമി ഗംഗേശാനന്ദയെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രമാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മടക്കിയത്. കുറ്റപത്രം അപൂര്‍ണമായതിനാലാണ് മടക്കിയതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
2017 മേയ് 19-നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടാകുന്നത്. 23 വയസുകാരിക്ക് നേരെയാണ് ഗംഗേശാനന്ദ ലൈംഗിക അതിക്രമം നടത്തിയത്. സ്വയരക്ഷയ്ക്കായി യുവതി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. സ്വാമി ഗംഗേശാനന്ദയെ അക്രമിച്ച പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ലൈംഗിക അതിക്രമം ചെറുക്കുന്നതിൻ്റെ ഭാഗമായാണ് സ്വാമി ഗംഗേശാന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് എന്നായിരുന്നു പെണ്‍കുട്ടി മൊഴി നൽകിയത്. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഗംഗേശാനന്ദയ്‌ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്.