ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിനെതിരെ കുറ്റപത്രം. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തിലാണ് നടനെതിരെ കുറ്റപത്രം. 2016 ജനുവരി 28ന് തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ വെച്ചാണ് പീഡിപ്പിച്ചത്.
യുവനടി ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ട്. പീഡിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയതിനും തെളിവ് ലഭിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിന് മുൻപ് തന്നെ നടി പീഡന വിവരം പറഞ്ഞതിന് തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്. അനുമതി ലഭിച്ചാൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.
ALSO READ: ആകെ വാഹനങ്ങൾ 458, ഇവയോടിക്കാനുള്ളത് 277 മാത്രം ഡ്രൈവർമാർ; എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കാര്യക്ഷമമോ?
പീഡനം നടന്നെന്ന് പറയുന്ന തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിയായ നടിയുമായി എത്തിയായിരുന്നു പൊലീസിൻ്റെ തെളിവെടുപ്പ്. പീഡനം നടന്ന മുറി നടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. 101 ഡി എന്ന മുറിയിലായിരുന്നു 2016 ജനുവരിയില്‍ സിദ്ദിഖ് താമസിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സിദ്ദീഖിനെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തിലും അന്വേഷണ സംഘം ഇത് രേഖപ്പെടുത്തുമെന്നും അറിയിച്ചിരുന്നു.
ALSO READ: അഭിപ്രായം വ്യക്തിപരം, പാർട്ടിയുടെ നിലപാടാണ് പരമപ്രധാനം: തരൂരിനെ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ്
തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് സിദ്ദീഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചില സാഹചര്യ തെളിവുകൾ കണ്ടെത്തിയിരുന്നു. സുപ്രീം കോടതി നേരത്തെ സിദ്ദീഖിന് ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാൽ കോടതിയിൽ ഹാജരാക്കി, ഉടൻ ജാമ്യത്തിൽ വിട്ടയക്കാനായിരുന്നു സുപ്രീം കോടതി നിർദ്ദേശം. 2016ല്‍ ബലാത്സംഗം നടന്നിട്ടും, പരാതി നല്‍കാന്‍ എട്ടുവര്‍ഷം വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചിരുന്നു.