നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയ അധിക്ഷേപം നടത്തിയ കേസിൽ സത്യഭാമയ്‌ക്കെതിരെ കുറ്റപത്രം തയ്യാറാക്കി. കലാമണ്ഡലം സത്യഭാമക്കെതിരെ എസ്‌സി-എസ്‌ടി അട്രോസിറ്റി വകുപ്പുകൾ ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. രാമകൃഷ്ണനോട് സത്യഭാമക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നു. ജാതീയ അധിക്ഷേപം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് സത്യഭാമ സംസാരിച്ചത്. പട്ടികജാതിക്കാരനെ അധിക്ഷേപിക്കുക എന്നതാണ് സത്യഭാമ ലക്ഷ്യം വെച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
രാമകൃഷ്ണൻ്റെ ജാതിയെ കുറിച്ച് അറിയില്ലെന്ന സത്യഭാമയുടെ വാദം തെറ്റാണ്. കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. യൂട്യൂബ് ചാനൽ ഉടമ സുമേഷ് മാർക്കോപോളോയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. നടൻ സിദ്ധാർഥ് അടക്കം കേസിൽ 20 സാക്ഷികളാണ്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് എസ്‌സി-എസ്‌ടി കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
"മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല", എന്നായിരുന്നു കലാമണ്ഡലം സത്യഭാമ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എൻ്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല എന്നും സത്യഭാമ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സത്യഭാമയുടെ പരാമർശങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി രാമകൃഷ്ണന്‍ തന്നെ രംഗത്ത് വന്നതോടെയാണ് വിഷയം വലിയ ചര്‍ച്ചയായത്. പിന്നീട് ഈ പരാമർശം കേരളത്തിലാകെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ആർഎൽവി രാമകൃഷ്ണൻ്റെ പേര് അഭിമുഖത്തിൽ പരാമർശിച്ചില്ലെങ്കിലും ചാലക്കുടിക്കാരനായ നർത്തകനായ അധ്യാപകനെന്നും സംഗീത നാടക അക്കാദമിയുമായി പ്രശ്‌നമുണ്ടായിരുന്ന ആളെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സത്യഭാമയുടെ അധിക്ഷേപ പരാമർശങ്ങൾ.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനവും ട്രോളും സാഹചര്യത്തിലാണ് അവർ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. പരാമർശം വിവാദമായെങ്കിലും തൻ്റെ വാദങ്ങളെ ന്യായീകരിച്ച് കൊണ്ടാണ് സത്യഭാമ സംസാരിച്ചത്. ഇത് വീണ്ടു വിവാദങ്ങളിലേക്ക് വഴിവെക്കുകയും, രാമകൃഷ്ണനുള്ള പിന്തുണ വർധിക്കുകയും ചെയ്തിരുന്നു.