NEWSROOM

ചെന്താമര ലക്ഷ്മിയെ കൊല്ലുന്നത് കണ്ടതായി ദൃക്‌സാക്ഷിയുടെ മൊഴി; 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

സുധാകരനെ കൊല്ലാന്‍ പദ്ധതിയിട്ടാണ് ചെന്താമര എത്തിയത്. അമ്മ ലക്ഷ്മി ബഹളം വെച്ചപ്പോള്‍ അവരേയും കൊലപ്പെടുത്തി.

Author : ന്യൂസ് ഡെസ്ക്

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 480 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം ആലത്തൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ചെന്താമര സുധാകരന്റെ അമ്മ ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് കണ്ടതായുള്ള ദൃക്‌സാക്ഷി മൊഴി കുറ്റപത്രത്തിലുണ്ട്. ഈ മൊഴിയാകും കേസില്‍ നിര്‍ണായകമാകുക.

ആകെ 132 സാക്ഷികളാണ് കേസിലുള്ളത്. മുപ്പതിലേറെ ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചു. വ്യക്തിവിരോധവും കുടുംബത്തോടുള്ള പകയുമാണ് കൊലയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ചെന്താമര ഒറ്റയ്ക്കാണ് രണ്ട് കൊലപാതകങ്ങളും നടത്തിയത്. സുധാകരനെ കൊല്ലാന്‍ പദ്ധതിയിട്ടാണ് ചെന്താമര എത്തിയത്. അമ്മ ലക്ഷ്മി ബഹളം വെച്ചപ്പോള്‍ അവരേയും കൊലപ്പെടുത്തി.

കൊല്ലാന്‍ ഉപയോഗിച്ച കൊടുവാളില്‍ നിന്ന് കൊല്ലപ്പെട്ടവരുടെ ഡിഎന്‍എ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കൊടുവാളിന്റെ പിടിയില്‍ നിന്ന് ചെന്താമരയുടേയും ഡിഎന്‍എ കണ്ടെത്തി. പ്രതിയുടെ ലുങ്കിയില്‍ സുധാകരന്റേയും ലക്ഷ്മിയുടേയും ഡിഎന്‍എയും കണ്ടെത്തിയിട്ടുണ്ട്.

ജനുവരി 27 നാണ് നെന്മാറ പോത്തുണ്ടിയില്‍ അയല്‍വാസിയെയും അമ്മയെയും പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയാണ് പ്രതി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.

തന്നെ തന്റെ ഭാര്യയില്‍ നിന്ന് വേര്‍പ്പെടുത്തിയെന്ന് ആരോപിച്ചാണ് ചെന്താമര നൊന്മാറയില്‍ രണ്ടുപേരെ കൊലപ്പെടുത്തിയത്. എന്നാല്‍ ചെന്താമരയ്‌ക്കെതിരെയാണ് ഭാര്യ പൊലീസില്‍ മൊഴി നല്‍കിയത്. ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും, സഹികെട്ടാണ് വീട്ടില്‍ നിന്നിറങ്ങിയതെന്നും ഭാര്യയുടെ മൊഴിയില്‍ പറയുന്നു. ചെന്താമരയുടെ ഭാര്യയാണ് എന്ന് അറിയപ്പെടാന്‍ പോലും താല്‍പ്പര്യമില്ലെന്നും, അയല്‍വാസികളോട് മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും ഭാര്യയുടെ മൊഴിയില്‍ പറയുന്നു. ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തിയാണ് മൊഴി നല്‍കിയത്.

ചെന്താമരയ്ക്ക് വധശിക്ഷ തന്നെ ലഭിക്കണമെന്ന് സുധാകരന്റെ മക്കള്‍ ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തരാണെന്നും കുട്ടികള്‍ പറഞ്ഞു.

SCROLL FOR NEXT